വാഗമണ്ണിലെ നിശാപാര്‍ട്ടി; യുവതി ഉള്‍പ്പെടെ 9 പേര്‍ അറസ്റ്റില്‍

വാഗമണിലെ നിശാപാര്‍ട്ടി കേസില്‍ യുവതി ഉള്‍പ്പെടെ ഒന്‍പത് പേര്‍ അറസ്റ്റില്‍. തൊടുപുഴ സ്വദേശി അജ്മല്‍, മലപ്പുറം സ്വദേശിനി മെഹര്‍ ഷെറിന്‍, എടപ്പാള്‍ സ്വദേശി നബീല്‍, കോഴിക്കോട് സ്വദേശികളായ സല്‍മാന്‍, അജയ്, ഷൗക്കത്ത്, കാസര്‍കോട് സ്വദേശി നിഷാദ്, തൃപ്പൂണിത്തറ സ്വദേശി ബ്രസ്റ്റി വിശ്വാസ് എന്നിവരാണ് അറസ്റ്റിലായത്.

60 പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ്‌ ഇവര്‍. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ ഒത്തുകൂടിയത്. ഇതിന് നേതൃത്വം നല്‍കിയവരും ലഹരിമരുന്ന് എത്തിച്ചവരുമാണ് നിലവില്‍ പിടിയിലായത്. മഹാരാഷ്ട്ര, ബെംഗളൂരു, എന്നിവിടങ്ങളില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ എത്തിച്ചത് എന്നും പൊലിസ് അറിയിച്ചു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് റിസോര്‍ട്ട് ഉടമയും സിപിഐ പ്രാദേശിക നേതാവും ഏലപ്പാറ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ ഷാജി കുറ്റിക്കാടനെ പോലീസ് ചോദ്യം ചെയ്തിരുന്നു. മൂന്നു മുറി മാത്രമാണു പാര്‍ട്ടിക്കായി നല്‍കിയതെന്ന് ഷാജി പറഞ്ഞു.ജന്മദിന പാര്‍ട്ടിയെന്നാണ് പറഞ്ഞിരുന്നത്. കൂടുതല്‍ പേരെത്തിയപ്പോള്‍ ചോദ്യം ചെയ്തു. എട്ടുമണിക്കു മുമ്പ് തിരികെ പോവുമെന്ന് ഉറപ്പു ലഭിച്ചെന്നും ഷാജി കുറ്റിക്കാടന്‍ പറഞ്ഞു.

ഞായറാഴ്ച വാഗമണ്ണിലെ ഒരു റിസോര്‍ട്ടില്‍ ലഹരിമരുന്നു നിശാപാര്‍ട്ടി നടക്കുമെന്ന് രണ്ടുദിവസം മുന്‍പ് ഇടുക്കി എസ്.പി അടക്കമുള്ളവര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ റിസോര്‍ട്ട് കഴിഞ്ഞ രണ്ടുദിവസമായി പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു.വട്ടത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലായിരുന്നു നിശാപാര്‍ട്ടി നടന്നത്.

വലിയ രീതിയിലുള്ള പാര്‍ട്ടി സംഘടിപ്പിക്കാനുള്ള ശ്രമമാണ് ഒന്‍പത് പേര്‍ ചേര്‍ന്ന് നടത്തിയത്.സമാന രീതിയിലുള്ള പാര്‍ട്ടി ഇവര്‍ മുമ്ബും നടത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ് അതിനാല്‍ തന്നെ റെയ്ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *