NEWS
മോണുമെന്റ് വാലിയും ഫോറെസ്റ്റ് ഗമ്പ് പോയിന്റും കണ്ടു ഞങ്ങളുടെ യാത്ര അർച്ചസ് നാഷണൽ പാർക്കിലേക്ക്, അനു കാമ്പുറത്തിന്റെ യാത്രാ വിവരണം
മോണുമെന്റ് വാലിയും ഫോറെസ്റ് ഗമ്പ് പോയിന്റും കണ്ടു ഞങ്ങളുടെ യാത്ര അർച്ചസ് നാഷണൽ പാർക്കിലേക്ക്. മരുഭൂമിക്ക് ഇത്രത്തോളം ഭംഗി ഉണ്ടാകുമെന്നു കരുതിയില്ല. കണ്ണെത്താ ദൂരത്തോളം നീണ്ടു കിടന്ന റോഡിലൂടെ യാത്ര ചെയുമ്പോൾ ഭൂപ്രകൃതി മാറി കൊണ്ടേയിരുന്നു. നമ്മൾ കാണാത്ത മറ്റൊരു ലോകത്തു എത്തിയ പോലെ പലപ്പോഴും തോന്നും.
ഞങ്ങൾ യൂറ്റാ ട്രിപ്പിന് പോയ സമയത്ത് ആണ് അവിടെ മരുഭൂമിയിൽ ഒരു മോണോലിത് (3 m / 9.8 ft) കണ്ടു കിട്ടിയത്. ലൊക്കേഷനൊന്നും ന്യൂസിൽ കറക്റ്റ് ആയി ഇല്ല, പക്ഷെ പോകുന്ന റൂട്ടിൽ തന്നെ എവിടെയോ ആണ് സംഭവം ഉള്ളത്. . ചോപ്പർ പറക്കുമ്പോ മരുഭൂമിയിൽ എവിടെയോ കണ്ടത്രേ. അത് എവിടെ നിന്ന് വന്നു, ആര് നിക്ഷേപിച്ചു ആ മരുഭൂമിയിൽ, എന്നതിനെ പറ്റിയുള്ള വാർത്തകളും അഭ്യൂഹങ്ങളും ന്യൂസിൽ നിറയെ. ഏതോ ആർട്ടിസ്റ്റിന്റെ കലാസൃഷ്ടി ആണെന്നാണ് നിഗമനം. പോകുന്ന റൂട്ടിലുള്ള മരുഭൂമിയിലെവിടെയോ ആയതിനാൽ അത് കണ്ടാൽ കൊള്ളാമെന്ന ചിന്ത ആയി മനസ്സിൽ. കുറെ തപ്പി നോക്കി ഗൂഗിളിൽ, ഒരു രക്ഷയുമില്ല. ആ പരന്ന് കിടക്കുന്ന മരുഭൂമിയിൽ അത് തേടിപ്പിക്കാനൊന്നും പറ്റില്ല മനസിലായപ്പോ ഞങ്ങളുടെ ശ്രദ്ധ അടുത്ത് വല്ല നല്ല റെസ്റ്ററന്റും ഉണ്ടോ എന്ന് തപ്പുന്നതിൽ ആയി. അമേരിക്കയിൽ ആണ് ജീവിക്കുന്നത് എന്ന് പറഞ്ഞിട്ടു കാര്യമില്ല എന്നും ചോറ് കിട്ടിയില്ലെങ്കിൽ ഉറക്കം കിട്ടാത്ത ആളാണ് ഞാൻ. രണ്ടോ മൂന്നോ നേരം അടുപ്പിച്ചു ബർഗറും പിസയും കഴിച്ചാൽ മടുക്കും. നമ്മുടെ ചോറ് തന്നെ വേണമെന്നില്ല ചോറിനോട് സാമ്യമുള്ള തായ് ഫ്രൈഡ് റൈസ്, മെക്സിക്കൻ റൈസ് എന്ത് കിട്ടിയാലും മതി. അമേരിക്കയിൽ മിക്ക ഇടങ്ങളിലും തായ്, മെക്സിക്കൻ ഫുഡ് ലഭിക്കും. മോണോലിത്തു കണ്ടിലെങ്കിൽ എന്ത്, നല്ല അടിപൊളി ഫുഡ് അടിച്ചു അർച്ചസ് നാഷണൽ പാർക്കിലോട്ടു വിട്ടു. മോണോലിതിൻറെ കഥ വീണ്ടും നിഘൂടമായി കൊണ്ടിരിക്കുന്നു. അത് അവിടെ നിന്ന് അപ്രത്യക്ഷമായി റൊമാനിയയിൽ പൊങ്ങി , അവിടുന്ന് അപ്രത്യക്ഷമായി കാലിഫോർണിയയിൽ പൊങ്ങി. അടുത്ത് തന്നെ ഒരു പടം പ്രതീക്ഷിക്കാം.
യൂട്ടയിലെ ഏറ്റവും മികച്ച പാർക്കുകളിൽ ഒന്നാണ് ആർച്ച്‌സ് നാഷണൽ പാർക്ക്. ആരെയും വിസ്മയിപ്പിക്കുന്ന ചുവന്ന പാറ, നൂറുകണക്കിന് കമാനപാതകളും വിൻഡോകളും ഹ്രസ്വ കാൽനടയാത്രയും പ്രധാന സവിശേഷതകളാണ്. ആർച്ച്സ് നാഷണൽ പാർക്കിലെ ഏറ്റവും വലിയ കമാനമാണ് ഡെലിക്കേറ്റ് ആർച്ച് (46 അടി ഉയരവും 32 അടി വീതിയും). ഇത് യൂട്ടാ ദേശീയ പാർക്കുകളുടെ ഐക്കണായും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ,ലോകപ്രശസ്ത ഭൂമിശാസ്ത്ര സവിശേഷതങ്ങളിൽ ഒന്നായി അറിയപ്പെടുന്നു. ഡിലിക്കേറ്റ് ആർച്ച് ‘വ്യൂവിംഗ് പ്ലാറ്റ്‌ഫോമിൽ’ ഇരുന്ന് വിശ്രമിക്കാനുള്ള ഏറ്റവും ജനപ്രിയ സമയമാണ് സൂര്യാസ്തമയം. യൂറ്റാ നമ്പർ പ്ലേറ്റിലൊക്കെ കാണുന്ന ആ അടിപൊളി ആർച്ചിലേക്കുള്ള ഒരു സൂര്യാസ്‌തമന ഹൈക്കിങ് ആണ് അന്നത്തെ പ്രധാന പരിപാടി. അതിനു മുൻപേയുള്ള സീനിക് സ്പോട്സ് ഒക്കെ കണ്ടു 3 മണി ആയപ്പോഴേക്കും Delicate Arch പാർക്കിംഗ് സ്പോട്ടിൽ എത്തി. കൊറോണ ആണ്, തണുപ്പാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, പാർക്കിംഗ് ഇല്ല. ഞാൻ മനസ്സിൽ വിചാരിച്ചു കൊറോണ ആയിട്ട് അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കാതെ ഹൈക്കിങ് ഇറങ്ങിയിരിക്കാണു എല്ലാരും. അങ്ങനെ കുറെ വട്ടം കറങ്ങി അവസാനം കിട്ടി ഒന്ന്. കഷ്ടപ്പെട്ട് പാർക്കിംഗ് കിട്ടുമ്പോ ലോട്ടറി അടിച്ച സന്തോഷമാണ്.
Hiking to Delicate Arch
നടപ്പാതയുടെ ആദ്യ ഭാഗം താരതമ്യേന പരന്നതും വളരെ നന്നായി അടയാളപ്പെടുത്തിയതുമാണ്. രണ്ടാമത്തെ വിഭാഗം നിങ്ങൾക്ക് തുറന്നുകിടക്കുന്ന സ്ലിക്കറോക്കിന്റെ (അതായത് സ്ലിപ്പറി സാൻഡ്‌സ്റ്റോൺ) കുത്തനെയുള്ള ഒരു കുന്നിൻ മുകളിലേക്ക് കയറാനും മറ്റ് കാൽനടയാത്രക്കാർ സജ്ജമാക്കിയ കെയ്‌നുകൾ (റോക്ക് പൈലുകൾ) പിന്തുടർന്ന് കുറച്ച് പാറകളിലൂടെ നിങ്ങളുടെ വഴി കണ്ടെത്താം. നടപ്പാതയുടെ ഈ ഭാഗം യഥാർത്ഥത്തിൽ അൽപ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു – 4500 അടി ഉയരത്തിൽ ഉള്ള ഈ കയറ്റം കുറച്ചു ബുദ്ധിമുട്ടു തന്നെയാണ്. നടപ്പാതയുടെ അവസാന ഭാഗം ഒരു പാറക്കെട്ടിലൂടെയാണ്. ചില ആളുകൾക്ക്, ഈ ലെഡ്ജ് ഭയപ്പെടുത്താൻ സാധ്യതയുണ്ട്, കാരണം ഒരു വശത്ത് വലിയൊരു ഡ്രോപ്പ്ഓഫ് ഉണ്ട്.
ഈ ഹൈക്ക് കുട്ടികളെയും കൊണ്ട് ആണേൽ കുറച്ചു അധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന് കണ്ണ് തെറ്റിയാൽ അപകടം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ചിലയിടങ്ങളിൽ ഒരാൾക്ക് നടക്കാൻ മാത്രം വീതിയുള്ള പാതകളും, അതിന്റെ സൈഡിൽ വലിയ ഡ്രോപ്പ് ഓഫുകളും ഉണ്ട്. ഞങ്ങള് കുട്ടികളെയും കൊണ്ട് ഇടക്കിടെ ചെറിയ ഹൈക്കിങ് ചെയ്യാറുള്ളത് കൊണ്ട് സുഖമായി ചെയ്തു പക്ഷെ നന്നായി സൂക്ഷിക്കണം.
മുകളിൽ എത്തി ആ ആർച് കണ്ടാൽ ക്ഷീണമൊക്കെ മാറും. അത്ര ഗംഭീരമായിരുന്നു ആ കാഴ്ച. അസ്തമന സമയത്തു സൂര്യ രശ്മികൾ ആ ആർച്ചിന്റെ മുകളിൽ പതിക്കുമ്പോൾ ജ്വലിക്കുന്ന ഒരു തീ പന്തം ആളിക്കത്തി ഒരു കമാനം രൂപപ്പെട്ടത് പോലിരിക്കും.
ഒരു പൂരത്തിന്റെ തിരക്കുണ്ടായിരുന്നു അവിടെ. പ്രൊഫഷണൽ ഫോട്ടോഗ്രാഫേഴ്‌സും, സഞ്ചാരികളും വൻ ജനാവലി. പക്ഷെ എന്നെ അതിശയിപ്പിച്ച കാര്യം ആ ആർച്ചിന്റെ അടുത്ത് ആരുമില്ല, കുറച്ചു ദൂരം ആളുകൾ ക്ഷമയോട് കൂടി ലൈനിൽ കാത്തു നില്കുന്നു, നമ്മുടെ ഊഴം വരുമ്പോൾ അവിടെ പോയി നിന്ന് മതിവരുവോളം ഫോട്ടോ എടുക്കുന്നു. ഫോട്ടോയിൽ നമ്മളും ആർച്ചും മാത്രം. ഇടക്കിടെ അവിടെ നിൽക്കുന്ന പ്രൊഫഷണൽ ഫോട്ടോഗ്രാഫേഴ്സ് വിളിച്ചു പറയും 1 മിനിറ്റ് ആർച് ഫ്രീ ആക്കി ഇടണം, ഞങ്ങൾ അർച്ചിന്റെ ഫോട്ടോ എടുക്കട്ടേ. ആരും ഒരു പരാതിയും ബഹളവും തിക്കും തിരക്കും കൂടാതെ അർച്ചിന്റെ ഭംഗി ആസ്വദിക്കുകകയും ആ മനോഹാരിത ക്യാമറയിൽ പകർത്തിയ സന്തോഷത്തോടെ തിരിച്ചുള്ള ഹൈക്കിങ് തുടർന്നു . സൂര്യൻ അസ്തമിച്ചതിനാൽ ഇരുട്ടി തുടങ്ങും, അതുകൊണ്ടു ഇറക്കവും വളരെ ശ്രമകരമായിരുന്നു. 5.2 km മാത്രമേ ഉള്ളു ഹൈക്കിങ് എങ്കിലും 3 മണിക്കൂർ വേണം. നടക്കാനോ മറ്റു ശാരീരിക ബുദ്ധിമുട്ടുളവർക് ഈ ഹൈക്കിങ് അനുയോജ്യമല്ല.
പിറ്റേന് രാവിലെ ഒരു സൺറൈസ് ഹൈകും, വേറെ ഒന്ന് രണ്ടു ചെറിയ ഹൈകുകളും ചെയ്തു വൈകുന്നേരത്തോടു കൂടി ഞങ്ങൾ ക്യാപിറ്റൽ റീഫ് നാഷണൽ പാർക്കിലോട്ടു തിരിച്ചു. Arches നാഷണൽ പാർക്ക് ഒരു ദിവസം കൊണ്ട് ഹൈക്കിങ് ഒന്ന് ചെയാതെ സീനിക് പോയിന്റുകളിൽ മാത്രം നിർത്തി കണ്ടു തീർക്കാം. പക്ഷെ ഹൈകുകൾ ചെയാതെ, Delicate Arch എങ്കിലും കാണാതെ വരരുത്.
തുടരും…