ഇവരാണാ ചെറുപ്പക്കാര്‍: നടിയെ അപമാനിച്ച കേസില്‍ പ്രതികളുടെ ചിത്രം പോലീസ് പുറത്ത് വിട്ടു

കൊച്ചിയിലെ ഹൈപ്പര്‍ മാളില്‍ വെച്ച് നടിയോട് അപമര്യാദയായി പെരുമാറിയ ചെറുപ്പക്കാരുടെ ഫോട്ടോ പോലീസ് പുറത്ത് വിട്ടു. കേസില്‍ പുരോഗതിയില്ലെന്നുള്ള ആരോപണ ശരങ്ങള്‍ മുറുകുന്നതിനിടെയാണ് മറ്റ് വഴികളില്ലാതെ പോലീസ് ചെറുപ്പക്കാരുടെ ചിത്രം പുറത്ത് വിട്ടത്. മാളിലെ പ്രവേശന കവാടത്തില്‍ ഇവര്‍ മൊബൈല്‍ നമ്പര്‍ നല്‍കാതെ പോയതാണ് കേസില്‍ പോലീസിനെ ഏറ്റവും കൂടുതല്‍ കുഴപ്പിച്ചത്. പ്രതികളിലേക്കെത്താനുള്ള എല്ലാ സാഹചര്യങ്ങളും ഇതോടെ പോലീസിന്റെ മുന്നില്‍ അടയുകയായിരുന്നു. പ്രതികളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചിരുന്നുവെങ്കിലും ഇവര്‍ പ്രായപൂര്‍ത്തിയായവരാണോ എന്നുറപ്പില്ലാത്ത സാഹചര്യത്തിലാണ് പുറത്ത് വിടാതിരുന്നത്. കേസില്‍ സമ്മര്‍ദ്ദം ഉയര്‍ന്നതോടെ മറ്റ് വഴികളില്ലാതെയാണ് പോലീസ് ഫോട്ടോ പുറത്ത് വിട്ടത്. മെട്രോ സ്‌റ്റേഷനിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്

കഴിഞ്ഞ ദിവസം കുടുംബവുമൊത്ത് മാളിലെത്തിയ നടിയുടെ ശരീരത്തില്‍ ചെറുപ്പക്കാര്‍ സ്പര്‍ശിക്കുകയായിരുന്നു. അറിയാതെ സംഭവിച്ചതായിരിക്കുമെന്നാണ് ആദ്യം താരം കരുതിയിരുന്നത്. പിന്നീട് തനിക്കരികിലെത്തിയ സഹോദരി എന്തെങ്കിലും പറ്റിയോ എന്ന് ചോദിച്ചപ്പോഴാണ് മനപൂര്‍വ്വം തന്റെ ശരീരത്തില്‍ കൈവെച്ചതാണെന്ന് മനസിലായത്. പിന്നീട് ഇതേ ചെറുപ്പക്കാര്‍ മാളില്‍ തങ്ങളെ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്‌തെന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സംഭവത്തിനെതിരെ ആദ്യം കേസ് കൊടുക്കുവാന്‍ തയ്യാറായില്ലെങ്കിലും താരത്തിന്റെ പോസ്റ്റിനെ മുന്‍നിര്‍ത്തി വനിതാ കമ്മീഷനും കേരള പോലീസും സ്വമേധയാ കേസെടുക്കുകയായിരുന്നു. കൊച്ചി പോലീസ് കമ്മീഷണര്‍ വിജയ് സാഖറേ കളമശേരി സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മുഖേന നടിയുടെ വീട്ടിലെത്തി മൊഴിയെടുക്കുകയും താരത്തിന്റെ അമ്മയില്‍ നിന്നും പരാതി സ്വീകരിക്കുകയുമായിരുന്നു. സംഭവത്തില്‍ പ്രതികളുടെ ഫോട്ടോ പുറത്ത് വിട്ടതോടെ എത്രയും പെട്ടെന്ന് ഇവരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *