NEWS

പന്തളത്ത് അച്ചൻ കുഞ്ഞോ അതോ കെ.വി പ്രഭയോ ചെയര്‍മാന്‍…? ബി.ജെ.പിയിൽ തർക്കം രൂക്ഷം.

പന്തളം നഗരസഭയിൽ ദളിതനായ കെ.വി പ്രഭയോ ന്യൂനപക്ഷക്കാരനായ അച്ചൻ കുഞ്ഞോ ചെയർമാൻ എന്നതു സംബന്ധിച്ചു തർക്കം മുറുകുന്നു.വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി ഭരണം പിടിച്ച നഗരസഭയില്‍ ന്യൂനപക്ഷ സമുദായക്കാരനെ ചെയര്‍മാനാക്കണമെന്നാണ് പ്രബല വിഭാഗം ആവശ്യപ്പെടുന്നത്. അതല്ല ചെയര്‍മാന്‍ സ്ഥാനം ദളിതന് വേണം എന്ന് മറ്റൊരു വിഭാഗം. 33 അംഗ കൗണ്‍സിലില്‍ 18 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തുന്നത്. ഒമ്പതു സീറ്റാണ് എല്‍.ഡി.എഫിന്. യു.ഡി.എഫിന് അഞ്ചും. ഒരു സ്വതന്ത്രനും.

കുരമ്പാല വെസ്റ്റ് ഡിവിഷനില്‍ നിന്നും വിജയിച്ച അച്ചന്‍കുഞ്ഞ് ജോണിനെ ചെയര്‍മാനാക്കി മതേതര മുഖം ഉയർത്തിപ്പിടിക്കണമെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗത്തിൻ്റെ വാദം. എന്നാൽ തുടര്‍ച്ചയായി നാലാം തവണയും ജനപ്രതിനിധിയായ ദളിത് വിഭാഗത്തില്‍പ്പെട്ട കെ.വി പ്രഭയ്ക്ക് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന് മറു വിഭാഗം ബി.ജെ.പി പ്രവർത്തകർ ആവശ്യപ്പെടുന്നു. എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ ദളിതരെ തഴയുമ്പോള്‍ ബി.ജെ.പി ഒരു ദളിതന് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നത് ആദർശാത്മക നീക്കമാകുമെന്നും ഈ വിഭാഗം ചൂണ്ടി കാണിക്കുന്നു.

Signature-ad

അച്ചന്‍കുഞ്ഞ് ജോണ്‍ കുരമ്പാല വെസ്റ്റ് ഡിവിഷനില്‍ 335 വോട്ടാണ് നേടിയത്. സിപിഎമ്മിലെ ആര്‍ ജ്യോതികുമാര്‍ 323 വോട്ട് നേടി രണ്ടാമതും കോണ്‍ഗ്രസിലെ ചെറുവള്ളില്‍ ഗോപകുമാര്‍ 220 വോട്ട് നേടി മൂന്നാമതുമെത്തി. അവിചാരിതമായി അധികാരം നേടിയ പന്തളത്ത് ന്യൂനപക്ഷക്കാരനെ ചെയര്‍മാനാക്കുന്നതിന് പ്രബല വിഭാഗത്തിനും എതിര്‍പ്പാണുള്ളത്.

കെ.വി പ്രഭയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്ന വിഭാഗം, പന്തളം പഞ്ചായത്ത് ആയിരിക്കുമ്പോൾ രണ്ടു വട്ടം ബി.ജെ.പിയുടെ മെമ്പര്‍ ആയിരുന്നതും കഴിഞ്ഞ തവണ മുനിസിപ്പാലിറ്റി ആയപ്പോള്‍ കൗണ്‍സിലറായി വിജയിച്ചതും ചൂണ്ടിക്കാട്ടുന്നു. ഇക്കുറി കുരമ്പാല നോര്‍ത്ത് വാര്‍ഡില്‍ നിന്ന് എട്ടു വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 368 വോട്ടാണ് പ്രഭ നേടിയത്. സി.പി.ഐയിലെ സി സന്തോഷ് 360 വോട്ട് നേടി. കോണ്‍ഗ്രസിലെ എകെ ഗോപാലന്‍ 148, സ്വതന്ത്രന്‍ എം. രാജേഷ് 19 എന്നിങ്ങനെയാണ് വോട്ട് നില.

സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതും എ.പി അബ്ദുള്ളക്കുട്ടിയെ വൈസ് പ്രസിഡന്റ് ആക്കിയതും പോലെയുമുള്ള ഒരു നീക്കമാണ് ബി.ജെ.പിയിലെ ചിലർ ലക്ഷ്യമിടുന്നത്. എന്നാല്‍, കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി സ്ഥാനം കൊണ്ട് പാര്‍ട്ടിക്ക് ഒരു പ്രയോജനവും ലഭിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. അബ്ദുള്ളക്കുട്ടിയുടെ വരവ് എങ്ങനെ ആയിത്തീരുമെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം.പക്ഷേ കെ.വി പ്രഭയെ ചെയർമാനാക്കുന്നതിലൂടെ സവർണഹൈന്ദവ മുഖം എന്ന ബി.ജെ.പിയെക്കുറിച്ചുള്ള പേരുദോഷത്തിൽ നിന്നു രക്ഷപെടാനാവും എന്നാണ് മറുഭാഗം ചൂണ്ടികാണിക്കുന്നത്.

Back to top button
error: