Lead NewsNEWS

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ സമ്പാദ്യം 36 റണ്‍സ് മാത്രം

ഓസ്‌ട്രേലിയക്കെതിരെ പകല്‍-രാത്രി ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ആദ്യമായി നേടുന്ന ടീമെന്ന ഖ്യാതി മാഞ്ഞ് പോവാന്‍ വേണ്ടി വന്നത് മണിക്കൂറുകളുടെ വ്യത്യാസം മാത്രം. രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ചെറിയ സ്‌കോറിന് പുറത്ത് പോവണ്ട അവസ്ഥയായി. 36 റണ്‍സാണ് ഇന്ത്യന്‍ ടീമിന് ആകെ സമ്പാദിക്കാനായത്. ടീമിലെ ഒരാള് പോലും രണ്ടക്കം കടന്നില്ല എന്നത് നാണക്കേടിന്റെ ആഘാതം കൂട്ടുന്നുവെന്ന സത്യവും വിസ്മരിച്ചു കൂടാ. 9 റണ്‍സ് എടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. 40 പന്തില്‍ നിന്നാണ് മായങ്ക് 9 റണ്‍സ് സ്വന്തമാക്കിയത്, അതില്‍ ആകെ പന്ത് ബൗണ്ടറി കടന്നത് ഒരു തവണ മാത്രം.

ഇന്ത്യയുടെ മേല്‍ വീണ നാണക്കേടിന്റെ കരിനിഴല്‍ എങ്ങനെ മായ്ക്കുമെന്ന ആശങ്കയിലാണ് കളിക്കാരും ടീം മാനേജ്‌മെന്റും. രണ്ട് ദിവസം മുന്‍പ് കളിയിലെ കേമന്മാരെന്ന് അവരോധിക്കപ്പെട്ടവരുടെ ദയനീയാവസ്ഥ ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഒന്നാം ഇന്നിംഗ്‌സിലെ 53 റണ്‍സ് കൂടി കൂട്ടിയാല്‍ ആകെ ലീഡ് 89 ല്‍ എത്തി നില്‍ക്കും. ഓസീസിനെ 90 റണ്‍സ് നേടിയാല്‍ ഈ ടെസ്റ്റ് സ്വന്തമാക്കാം. 10 വിക്കറ്റും ഒരു ദിവസത്തെ കളിയും കൈയ്യിലുണ്ടെന്നുള്ളത് ഓസീസിനെ സംബന്ധിച്ച് ബോണസാണ്. ഇന്ത്യയ്ക്ക് എതിരെ അഞ്ച് വിക്കറ്റെടുത്ത ജോഷ് ഹെയ്‌സല്‍വുഡും നാല് വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സുമായിരുന്നു കളിയിലെ ഇന്ത്യയുടെ അന്തകന്മാര്‍.

19 റണ്‍സിനിടെ ആറ് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.1 ന് 9 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ കൈയ്യില്‍ നിന്നും കളി നഷ്ടപ്പെട്ടത് വളരെ വേഗത്തിലായിരുന്നു. 7.4 ഓവറില്‍ 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.ജസ്പ്രീത് ബുമ്ര, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ എന്നിവരാണ് ആദ്യം മടങ്ങിയ അഞ്ച് താരങ്ങള്‍. ഹനുമ വിഹാരി-വൃദ്ധിമാന്‍ സാഹ കുറച്ച് നേരം പിടിച്ച് നിന്ന് പ്രതീക്ഷയ്ക്ക് വക നല്‍കിയെങ്കിലും 7 റണ്‍സ് സ്വന്തമാക്കുന്ന സമയം കൊണ്ട് പ്രതീക്ഷയും അസ്തമിച്ചു.

Back to top button
error: