Lead NewsNEWS

തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കെ.സുരേന്ദ്രനും സംഘവും പൊട്ടിത്തെറിയുടെ വക്കിലോ.?

ദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ബിജെപി യില്‍ പൊട്ടിത്തെറിയുടെ സൂചനകള്‍ പ്രകടമാകുന്നു. കഴിഞ്ഞ തവണത്തേതിലും കൂടുതല്‍ സീറ്റ് ബിജെപി സ്വന്തമാക്കിയെങ്കിലും ഇലക്ഷന് മുന്‍പ് നടത്തിയ വെല്ലുവിളികളൊന്നും ഫലവത്തായിട്ടില്ലയെന്നതാണ് സത്യം. ബിജെപി നേടുമെന്നറിപ്പിച്ച പല സ്ഥലങ്ങളിലും അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കേരളം കണ്ടത.് വലിയ വിജയം നേടുമെന്ന് പ്രതീക്ഷിച്ച കേന്ദ്ര നേതൃത്വത്തിനോട് ബിജെപി യുടെ സംസ്ഥാന നേതൃത്വം എന്ത് മറുപടി പറയുമെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഈ തിരഞ്ഞെടുപ്പില്‍ ബിജെപി ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ പ്രധാന കാരണമായി പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ എടുത്ത് പറയുന്നത് പാര്‍ട്ടി അധ്യക്ഷനായ കെ.സുരേന്ദ്രന്റെ ഏകാധിപത്യ സ്വഭാവത്തെക്കുറിച്ചാണ്. ഇതോടെ കെ.സുരേന്ദ്രനെ മാറ്റി പുതിയൊരാളെ അധ്യക്ഷ സ്ഥാനത്തെക്ക് എത്തിക്കണമെന്നുള്ള ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. കെ.കൃഷ്ണദാസും, ശോഭ സുരേന്ദ്രനും അടക്കമുള്ള നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ച് തങ്ങളുടെ ആവശ്യം അറിയിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് ബിജെപി ഇതിലും മികച്ച വിജയം നേടാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും അതിന് സാധിക്കാതെ പോയത് അധ്യക്ഷന്റെ പിടിപ്പുകേടുകൊണ്ടാണെന്നുമാണ് കത്തിലെ സാരം. കെ.സുരേന്ദ്രന്റെ ഏകാധിപത്യ നിലപാടുകളെക്കുറിച്ചും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഇലക്ഷനില്‍ തിരുവനന്തപുരം തൃശ്ശൂര്‍ കോര്‍പ്പറേഷനുകള്‍ നേടുമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വാദം. ഇതോടൊപ്പം 8000 സീറ്റുകളും 194 പഞ്ചായത്തുകളും 24 നഗരസഭകളും ബിജെപി അക്കൗണ്ടിലെത്തുമെന്നും അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി കണക്കുകളെല്ലാം സ്വപ്‌നത്തില്‍ മാത്രമായി ഒതുങ്ങിയെന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനെല്ലാം കാരണമായി എതിര്‍പക്ഷം ഉയര്‍ത്തിക്കാട്ടുന്ന പേര് കെ.സുരേന്ദ്രന്റേതാണ്. പാര്‍ട്ടിയില്‍ ഭിന്നിച്ച് നില്‍ക്കുന്ന എല്ലാവരേയും ഒരുമിച്ച് കൊണ്ട് പോവാന്‍ എല്ലാവര്‍ക്കും സ്വീകാര്യനായ മറ്റൊരു നേതാവ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് ശോഭ സുരേന്ദ്രന്‍ അടക്കമുള്ളവരുടെ ആവശ്യം.

ശോഭ സുരേന്ദ്രനടക്കമുള്ള നേതാക്കളെ ബിജെപി സംസ്ഥാന നേതൃത്വത്തില്‍ നിന്നും പിന്‍വലിച്ചതില്‍ കെ.സുരേന്ദ്രന് വ്യക്തമായ പങ്കുണ്ടെന്ന് മുന്‍പേ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന്റെ പരിണിത ഫലമെന്നോണമാണ് ശോഭ സുരേന്ദ്രനടക്കമുള്ള ചില നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും വിട്ട് നിന്നത്. ഇതിനെപ്പറ്റി പലതവണ സംസ്ഥാന നേതൃത്വത്തോട് ചോദിച്ചപ്പോളും നേതൃത്വത്തിനുള്ളില്‍ പ്രശ്‌നങ്ങളില്ലെന്ന മട്ടിലായിരുന്നു മറുപടി ലഭിച്ചത്. ഇലക്ഷനിലെ പരാജയവും തുടര്‍ന്ന് കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയതും അടക്കം ചേര്‍ത്ത് വായിക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളിലെ അകല്‍ച്ച മാറിയിട്ടില്ലെന്നും ഇതേ അവസ്ഥ തുടര്‍ന്നാല്‍ ബിജെപി യ്ക്കുള്ളില്‍ ഒരു പൊട്ടിത്തെറി നടക്കാന്‍ സാധ്യതയുണ്ടെന്നുമാണ് കരുതേണ്ടത്.

Back to top button
error: