പ്രദീപിന്റെ അപകടമരണമല്ല; ഫോണ്‍ വിദഗ്ധസംഘം പരിശോധിക്കണമെന്ന് ഭാര്യ

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഭാര്യ രംഗത്ത്. പ്രദീപിന്റെ മരണം അപകട മരണമാണെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും ആരോ അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്നും ഭാര്യ പറഞ്ഞു.

ലോറി മാത്രമല്ല, സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങളുടെ വിവരങ്ങളും പരിശോധിക്കണം. പ്രൊഫഷണല്‍ ആയ കാരണങ്ങളാല്‍ ശത്രുക്കള്‍ ഉണ്ടായിരുന്നു എന്നും പ്രദീപിന്റെ ഭാര്യ പറഞ്ഞു.

അവസാന ദിവസങ്ങളില്‍ പ്രദീപ് വളരെ അസ്വസ്ഥന്‍ ആയിരുന്നു. കഴിഞ്ഞ 3 മാസമായി അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍, ഫോണ്‍ രേഖകള്‍ എന്നിവ പരിശോധിക്കണം. ഫോണ്‍ വിദഗ്ധ സംഘം പരിശോധിക്കണം. ഒന്നും കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. പ്രദീപിന്റെ ഭാര്യ പറഞ്ഞു.

ഹണി ട്രാപ് കേസില്‍ കൊടുത്ത ഹര്‍ജി പിന്‍വലിക്കാന്‍ സമ്മര്‍ദം ഉണ്ടായിരുന്നു. ആ ഹര്‍ജി പിന്‍വലിച്ചു എന്ന് പ്രദീപിന്റെ മരണശേഷമാണ് അറിഞ്ഞത്. അത് ദുരൂഹമാണ്. അക്കാര്യവും അന്വേഷിക്കണമെന്നും പ്രദീപിന്റെ ഭാര്യ പറഞ്ഞു.

അതേസമയം, പ്രദീപിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് അഭിപ്രായപ്പെടുന്നത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്നാണ് പോലീസ് അത്തരമൊരു നിഗമനത്തിലെത്തിച്ചേര്‍ന്നത്.

അതേസമയം, ഡ്രൈവറുടെയും വാഹന ഉടമയുടെയും മൊഴികളിലെ വൈരുദ്ധ്യമടക്കം മരണത്തിലെ മറ്റ് ദുരൂഹതകള്‍ നീക്കാന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വെച്ച് പ്രദീപിനെ ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോയതോടെ വലിയ ദുരൂഹത ഉയര്‍ന്നിരുന്നു. അപകടത്തില്‍ സംശയവുമായി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്ത് വന്നിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് വാഹനം കണ്ടെത്തിയതും ഡ്രൈവറെ പിടികൂടിയതും.

ലോറിയില്‍ ലോഡെടുത്തത് മുതലുള്ള സഞ്ചാര വിവരം പോലീസ് ശേഖരിച്ചു. വ്യക്തത വരുത്താന്‍ ഇന്നലെ കൂടുതല്‍ സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഡ്രൈവറുടെ മൊഴി പരിശോധിച്ച ശേഷമാവും കൂടുതല്‍ നടപടികളെന്നും പോലീസ് പറഞ്ഞു. ആക്രമിക്കപ്പെടുമോ എന്ന ഭയത്താലാണ് അപകട ശേഷം ലോറി നിര്‍ത്താതെ പോയതെന്നാണ് ഡ്രൈവറുടെ മൊഴി. എന്നാല്‍ അപകടം നടന്നത് അറിഞ്ഞില്ലെന്നാണ് വാഹന ഉടമ പറഞ്ഞത് .

മൊഴികളിലെ ഈ വൈരുദ്ധ്യവും പൊലീസ് പരിശോധിക്കും. വട്ടിയൂര്‍ കാവില്‍ നിന്നും വാഹനത്തില്‍ ഉണ്ടായിരുന്ന എം സാന്റ് വെള്ളായണിയില്‍ കൊണ്ടിട്ട ശേഷം മറ്റൊരു വഴിയിലൂടെ പേരൂര്‍ക്കടയിലേക്കാണ് പോയത്. പിറ്റേ ദിവസം ലോറിയുമായി ഇറങ്ങി. ഈ വിവരങ്ങളെല്ലാം പൊലീസ് വിശദമായി പരിശോധിക്കും. അറസ്റ്റിലായ ഡ്രൈവര്‍ ജോയിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *