ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും

തൊണ്ടി മുതലായി അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച സി സി ടീവീ ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡിയുടെ പകര്‍പ്പെടുക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് ഇന്ന് ബോധിപ്പിക്കണമെന്ന് കോടതി നവംബർ 12ന് ഉത്തരവിട്ടിരുന്നു.

തൊണ്ടിമുതലായി പോലീസ് സമര്‍പ്പിച്ച 2 ഡി വി ഡികള്‍   ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം സമര്‍പ്പിച്ച  ഹര്‍ജിയിലാണ് ഡി വി ഡി പകര്‍പ്പ് ഹാജരാക്കാന്‍ കോടതി കോടതി ഉത്തരവിട്ടിരുന്നത്. മാറ്റം വരുത്താതെ വേണം പകര്‍പ്പെടുക്കാനെന്നും തുറന്ന കോടതിയില്‍ വച്ച് ദ്യശ്യങ്ങള്‍ കണ്ട ശേഷം മാത്രമേ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കാനാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. അല്ലാത്തപക്ഷം വിചാരണ വേളയില്‍ ഡി വി ഡി മാറിപ്പോയെന്ന ആരോപണവുമായി പ്രതികള്‍ രംഗത്തെത്തുമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

കേസ് സെഷന്‍സ് കോടതിയിലേക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്യാനിരിക്കെ നവംബർ 12ന് കേസ് പരിഗണിച്ച വേളയിലാണ് പുതിയ ഹര്‍ജിയുമായി ശ്രീറാമിന്റെ അഭിഭാഷകന്‍ രംഗത്തെത്തിയത്. കമ്മിറ്റ് നടപടി തടസ്സപ്പെടുത്തുന്ന രീതിയില്‍ പ്രതിയുടെ ഭാഗത്ത് നിന്നുള്ള നീക്കത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 9 മാസം കഴിഞ്ഞുള്ള ഹര്‍ജി വൈകി വന്ന വിവേകമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *