കര്‍ഷക സമരത്തിന് പിന്തുണ; പഞ്ചാബ് ജയില്‍ ഡിഐജി രാജിവച്ചു
കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയില്‍ ഡിഐജി രാജിവച്ചു. ലഖ്മിന്ദര്‍ സിങ് ജാഖറാണ് രാജിവച്ചത്.
ഇന്ന് അനുഭവിക്കുന്ന സ്ഥാനങ്ങള്‍ അച്ഛന്‍ വയലില്‍ ജോലി ചെയ്ത് പഠിപ്പിച്ച് നേടിയതാണെന്നും കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നു എന്നും ജാഖര്‍ പറഞ്ഞു. ഡല്‍ഹിയിലെത്തി സമരത്തിന്റെ ഭാഗമാകാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജാഖര്‍ അറിയിച്ചു.
ചണ്ഡീഗഡിലെ ജയില്‍ ഡിഐജിയായിരുന്ന ലഖ്മീന്ദര്‍ കഴിഞ്ഞ മെയില്‍ സസ്പമെന്‍ഷന്‍ നടപടികള്‍ നേരിട്ടിരുന്നു. രണ്ട് മാസം മുന്‍പാണ് സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് ലഖ്മീന്ദര്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കുന്നത്. എന്നാല്‍ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോലി രാജിവച്ചിരിക്കുകയാണ്.
വിവാദമായ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 18 ദിവസമായി രാജ്യതലസ്ഥാനത്തെ അതിര്‍ത്തികളെ സ്തംഭിപ്പിച്ച് കര്‍ഷകര്‍ സമരം തുടരുകയാണ്. മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.