നവജാത ശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് പിതാവ് വിറ്റു

സേലം ജില്ലയില്‍ നവജാത ശിശുവിനെ പിതാവ് തന്നെ വിറ്റ് 1.20 ലക്ഷം രൂപ കൈപ്പറ്റിയതായി പരാതി. കുട്ടിയെ കൈമാറ്റം ചെയ്ത സംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ പിതാവിനായി അന്വേഷണം തുടരുകയാണ്. ഒരു വര്‍ഷം മുന്‍പ് സേലത്തിനോട് ചേര്‍ന്നുള്ള നാമക്കല്‍ ജില്ലയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഈ രണ്ട് സംഭവങ്ങള്‍ക്കും പിന്നില്‍ ഒരേ റാക്കറ്റാണോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

സേലം ജില്ലയിലെ നെത്തിമേട് ഗ്രാമത്തിലാണ് കുട്ടിയെ വിറ്റ സംഭവം അരങ്ങേറിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിജയ്-സത്യ ദമ്പതികള്‍ക്ക് മൂന്നാമതൊരു പെണ്‍കുഞ്ഞ് കൂടി ജനച്ചപ്പോഴാണ് പിതാവ് വിജയ് കുട്ടിയെ വില്‍ക്കാന്‍ തയ്യാറായത്. കഴിഞ്ഞ 15-ാം തീയതി മുതല്‍ കുട്ടിയെ കാണാനില്ലെന്ന് അമ്മയായ സത്യയാണ് പോലീസില്‍ പരാതി നല്‍കിയത്. പിന്നീടുള്ള അന്വേഷണത്തിലാണ് കുട്ടിയുടെ പിതാവായ വിജയ് തന്നെയാണ് കുട്ടിയെ വിറ്റതെന്ന് പോലീസ് കണ്ടെത്തിയത്.

ഈറോഡ് സ്വദേശിയായ നിഷയെന്ന യുവതിക്കാണ് വിജയ് കുട്ടിയെ വിറ്റത്. നിഷയില്‍ നിന്നും വിവിധ ഏജന്റുമാര്‍ വഴി കൈമാറ്റപ്പെട്ട കുട്ടിയിപ്പോള്‍ ആന്ധ്രാപ്രദേശിലുള്ള ദമ്പതികളുടെ കൈയ്യിലാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. കുട്ടിയെ വിറ്റ പണം കൊണ്ട് വിജയ് ഓട്ടോ വാങ്ങിയിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ വിജയ് മുങ്ങിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *