എല്ലായിപ്പോഴും വിവാദങ്ങൾക്കിടയിലൂടെ ആണ് നടി രാഖി സാവന്തിന്റെ സഞ്ചാരം. അതുകൊണ്ടുതന്നെ വിവാഹവും അതുപോലുള്ള ഒരു തമാശയാണെന്ന് ആണ് രാഖി സാവന്തിന്റെ വിവാഹ വാർത്ത കേട്ടപ്പോൾ ഏവരും കരുതിയത്. എന്നാൽ തന്റെ വിവാഹം തകർന്നുവെന്നും താൻ മാനസികമായി കടുത്ത വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും രാഖി സാവന്ത് പറയുന്നു. സാമ്പത്തികമായി അമ്പേ തകർന്നുവെന്നും രാഖി സാവന്ത് കൂട്ടിച്ചേർത്തു.
വ്യവസായി റിതേഷുമായി 2019ൽ ആണ് രാഖി സവാന്തിന്റെ വിവാഹം. രാഖി സാവന്ത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. വിവാഹചിത്രങ്ങൾ പങ്കുവച്ചെങ്കിലും അതിൽ റിതേഷിന്റെ ചിത്രം ഉണ്ടായിരുന്നില്ല.
“വിവാഹ ജീവിതം വലിയ ദുരന്തമായി. ഞാൻ കടുത്ത വിഷാദത്തിലും.വിധി എനിക്ക് എപ്പോഴും എതിര്നിൽക്കുന്നു. എന്നാൽ ജീവിതം ഞാൻ നശിപ്പിക്കില്ല. ദൈവം എനിക്ക് നൽകിയ സമ്മാനമാണത് എന്നതുകൊണ്ട് അമൂല്യമാണ്. കടുത്ത സാമ്പത്തിക പ്രശ്നത്തിലാണ്. കുടുംബത്തെ പോറ്റുന്നത് ഞാൻ തന്നെയാണ്. ധനികനെ വിവാഹം ചെയ്തപ്പോൾ എല്ലാ പ്രശ്നങ്ങളും അവസാനിച്ചു എന്നാണ് കരുതിയത്. എന്നാൽ ആ തീരുമാനം തെറ്റായിരുന്നു.” രാഖി പറഞ്ഞു.
സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ബിഗ് ബോസിന്റെ പുതിയ സീസണിൽ രാഖി പങ്കെടുക്കുന്നുണ്ട്. ഇതിനു മുന്നോടിയായുള്ള അഭിമുഖത്തിലാണ് രാഖി വിവാഹത്തെ കുറിച്ച് പറയുന്നത്.