സ്പീക്കറെ ചൂണ്ടിക്കാട്ടി കോടതിയിൽ ഇബ്രാഹിംകുഞ്ഞ്, മൊബൈലൈസേഷൻ അഡ്വാൻസ് സ്പീക്കറും നൽകി
ജാമ്യാപേക്ഷ പരിഗണിക്കവേ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ചൂണ്ടിക്കാട്ടി മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് കോടതിയിൽ. നിയമസഭാ സ്പീക്കർ ഊരാളുങ്കൽ സൊസൈറ്റിക്ക് അഡ്വാൻസ് നൽകിയിട്ടുണ്ടെന്ന് ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചു. മൊബിലൈസേഷൻ അഡ്വാൻസ് നൽകുന്നത് തെറ്റല്ലെന്നും ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാട്ടി. ഊരാളുങ്കൽ സൊസൈറ്റിക്ക് സ്പീക്കർ 13 കോടി രൂപ അഡ്വാൻസ് നൽകിയതിന് തെളിവുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയെ ബോധിപ്പിച്ചു. അതുകൊണ്ടുതന്നെ കൈക്കൂലി വാങ്ങി എന്ന് വിജിലൻസ് കണ്ടെത്തൽ തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർ തന്നെ കാര്യങ്ങൾ അറിയിച്ചില്ലെന്നും ഒപ്പിടുക മാത്രമാണ് താൻ ചെയ്തതെന്നും കോടതിയിൽ ഇബ്രാഹിം വ്യക്തമാക്കി.
മന്ത്രി റബ്ബർ സ്റ്റാമ്പ് ആണോ എന്ന് മറുപടിയായി കോടതി ചോദിച്ചു. പിഡബ്ല്യുഡി കരാറുകളിൽ മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ നിയമം അനുവദിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു. മേൽപ്പാലം നിർമ്മാണ കരാർ ആർഡിഎസ് എന്ന സ്വകാര്യ കമ്പനിക്ക് നൽകാൻ ടെണ്ടറിന് മുമ്പുതന്നെ തീരുമാനമെടുത്തിരുന്നു എന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.