NEWS

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശിലാസ്ഥാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനയുടെ മാതൃകയിലുളളതാണ് ശിലാഫലകം.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശിലാസ്ഥാപനം നടത്തിയത് ചരിത്രനിമിഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്കായി ഇന്ത്യക്കാര്‍ പാര്‍ലമെന്റ് നിര്‍മിക്കുന്നു. ആധുനികതയുടെയും പാരമ്പര്യത്തിന്റെയും സങ്കലനമാകും പുതിയ പാര്‍ലമെന്റ് മന്ദിരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Signature-ad

 

2022ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നത്. വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാര്‍ലമെന്‍റ് മന്ദിരത്തിന് സമീപം ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം ഉയരുക. 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍. 971 കോടി രൂപ ചെലവിലാണ് നിർമാണം.

ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡാണ് നിര്‍മാണത്തിന്റെ കരാര്‍ നേടിയിട്ടുള്ളത്. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെ നവീകരിക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. നിലവിലെ പാര്‍ലമെന്റിന്റെ ബലക്ഷയവും ഭാവിയില്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം എംപിമാരുടെ എണ്ണം കൂടാന്‍ ഇടയുള്ളതും ചൂണ്ടിക്കാട്ടിയാണ് പുതിയ മന്ദിരം പണിയുന്നത്. ശിലാസ്ഥാപനം നടത്താന്‍ അനുമതിയുണ്ടെങ്കിലും നിര്‍മാണം തുടങ്ങരുതെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ശിലാസ്ഥാപന ചടങ്ങ് കോണ്‍ഗ്രസ് നേതാക്കള്‍ ബഹിഷ്‌കരിച്ചു.

Back to top button
error: