പോലീസ് സംഘം താലൂക്ക് ആശുപത്രിയിൽ അതിക്രമിച്ച് കയറി: റേഞ്ച് ഐ ജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : വർക്കല ആശുപത്രിയിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ അയിരുർ എസ് ഐ ക്കും മൂന്നു പോലീസുകാർക്കുമെതിരെ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
തിരുവനന്തപുരം റേഞ്ച് ഐജിക്കാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. 2021 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഇക്കഴിഞ്ഞ ഏപ്രിൽ 16 ന് ലോക്ക് ഡൗണിനിടയിൽ വർക്കല താലുക്ക് ആശുപത്രിയിൽ ജോലിക്ക് പോയ ഫാർമസിസ്റ്റ് അബിൻ സി സജിയെ അയിരൂർ എസ് ഐ യും സംഘവും ഇരുചക്രവാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അബിന്റെ അമ്മ ബിന്ദു സജി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കമ്മീഷൻ ആറ്റിങ്ങൽ ഡി വൈ എസ് പി യിൽ നിന്നും റിപ്പോർട്ട് വാങ്ങി. ലോക്ക്ഡuൺ നിയമം ലംഘിച്ചതിനും പോലീസുകാരെ ചീത്തവിളിച്ചതിനുമാണ് അബിൻ ബി സജിക്കെതിരെ കേസെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആരോഗ്യ പ്രവർത്തകനായ തന്റെ മകനോടുള്ള മുൻ വൈരാഗ്യത്തിന്റെ പേരിലാണ് വാഹനം കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തതെന്ന് പരാതിക്കാരി അറിയിച്ചു.
ആശുപത്രിയിൽ അതിക്രമിച്ച് കയറിയതിനെതിരെ വർക്കല താലൂക്ക് ആശുപത്രി സൂപ്രണ്ട്, ജില്ലാമെഡിക്കൽ ഓഫീസർക്കും ജില്ലാ പോലീസ് മേധാവിക്കും ആറ്റിങ്ങൽ ഡി വൈ എസ് പി ക്കും നൽകിയ കത്തിന്റെ പകർപ്പും പരാതിക്കാരി ഹാജരാക്കി.
2020 ഏപ്രിൽ 19 ന് എസ് ഐ യും 3 പോലീസുകാരും ആശുപത്രിയിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിനെ കുറിച്ച് അന്വേഷണ റിപ്പോർട്ടിൽ പറയാത്ത നടപടി ഗൗരവമായി കാണുന്നതായി ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. ആരോപണം ശരിയാണെന്നും ഉത്തരവിൽ പറയുന്നു. വസ്തുതകൾ പരിശോധിക്കുമ്പോൾ ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ സമഗ്രമായ ഒരന്വേഷണം ആവശ്യമുണ്ടെന്ന്കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.