NEWS

ഒറ്റക്കെട്ടായി തീരുമാനം; കേന്ദ്രത്തിന്റെ അഞ്ചിന നിര്‍ദേശങ്ങള്‍ തളളി കര്‍ഷക സംഘടനകള്‍

കാര്‍ഷിക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ച് അഞ്ചിന നിര്‍ദേശങ്ങള്‍ തളളി കര്‍ഷക സംഘടനകള്‍.

ഡല്‍ഹി -ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് നടപടി. ചര്‍ച്ചയില്‍ പുരോഗതിയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു കര്‍ഷകര്‍ തങ്ങളുടെ നിലപാട് കടുപ്പിച്ചത്. ഒറ്റക്കെട്ടായാണ് തീരുമാനമെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചു.

ഇന്ന് വൈകിട്ട് സംഘടനാ നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തും.
പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ സമരം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് അഞ്ചിന നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. കാര്‍ഷിക ബില്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളെ രേഖാമൂലം അറിയിച്ചിരുന്നു.

താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പുനല്‍കും, സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിയന്ത്രിക്കും, കരാര്‍, കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം, സ്വകാര്യ, സര്‍ക്കാര്‍ ചന്തകള്‍ക്ക് നികുതി ഏകീകരണം എന്നീ അഞ്ച് ഫോര്‍മുലകളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ഷക സംഘടനകളുടെ നിലപാട് നിര്‍ണായകമാകും.

Back to top button
error: