കര്‍ഷക ബന്ദിന് പിന്തുണയുമായി കോണ്‍ഗ്രസ്സ്: പാര്‍ലമെന്റ് സമ്മേളനം വിളിച്ചേക്കും
കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള അഞ്ചാംവട്ട ചര്‍ച്ചയും അലസിപ്പിരിഞ്ഞ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ ആലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റൊരു വിട്ട് വീഴ്ചയക്കും തയ്യാറാല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ പാര്‍ലമെന്ററി മന്ത്രിതല സമിതിയാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വേണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
ചൊവ്വാഴ്ച നടത്താന്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരതബന്ദ് ഇന്ത്യ മുഴുവന്‍ വ്യാപിക്കാന്‍ സംഘടനകള്‍ ആലോചിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്സും രംഗത്ത് വന്നിട്ടുണ്ട്. ഇടത് പാര്‍ട്ടികള്‍ നേരത്തെ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. രാജ്യത്തെ എല്ലാ ദേശീയപാതകളും ഉപരോധിക്കാനും നീക്കം നടക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന സ്ഥിതി വിശേഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഡല്‍ഹിയില്‍ ഈ സാഹചര്യത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.