എവിടെ കൊടുങ്കാറ്റ്? ബിജെപിയോട് ഒവൈസിയുടെ ചോദ്യം

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ പോലെയോ നിയമസഭാ തിരഞ്ഞെടുപ്പിനെ പോലെയോ ആണ് ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനെ ബിജെപി കണ്ടത്. ദേശീയ നേതാക്കള്‍ ആയഅമിത് ഷാ, ജെ പി നദ്ദ, യോഗി ആദിത്യനാഥ് തുടങ്ങിയവരായിരുന്നു ബിജെപിക്ക് വേണ്ടി ഹൈദരാബാദില്‍ പ്രചാരണത്തിന് എത്തിയത്. ഭരണം പിടിക്കാനായില്ലെങ്കിലും മിന്നുന്ന ജയം സ്വന്തമാക്കി ബിജെപി നേട്ടം കൊയ്തപ്പോള്‍ അടിപതറാതെ നിന്ന വ്യക്തിയായിരുന്നു ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിബാദുല്‍ മുസ്ലീമിന്റെ അസദുദ്ദീന്‍ ഉവൈസി.

കെ.ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആര്‍എസ്) കോട്ടയാണെങ്കിലും ഈ തിരഞ്ഞെടുപ്പില്‍ എഐഎംഐഎമ്മും ബിജെപിയും തമ്മില്‍ നേര്‍ക്കുനേര്‍ യുദ്ധമായിരുന്നു.

ഹൈദരാബാദില്‍ മാത്രമല്ല, രാജ്യത്ത് തന്നെ ബിജെപി അനുകൂല തരംഗമുണ്ടെന്ന അവകാശവാദങ്ങള്‍ ഉവൈസി തള്ളിക്കളഞ്ഞു. മഹാരാഷ്ട്ര എംല്‍സി തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ട കാര്യം ഉവൈസി ചൂണ്ടിക്കാട്ടി. ‘ഹൈദരാബാദില്‍ ഞങ്ങള്‍ 51 സീറ്റില്‍ മല്‍സരിച്ചു. 44 എണ്ണം വിജയിച്ചു. പകരം 80 സീറ്റില്‍ മല്‍സരിച്ചിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു. 2016ല്‍ 60 സീറ്റില്‍ നിന്നാണ് ഇത്രയും സീറ്റ് ലഭിച്ചത്. ഇത്തവണ 55ല്‍ നിന്ന് ഇത്രയും സീറ്റ് ലഭിച്ചു’- നേട്ടത്തിന്റെ നിരക്ക് മുകളിലേക്കാണെന്ന് ഇത് സൂചിപ്പിക്കുന്നതെന്ന് ഉവൈസി പറഞ്ഞു.

150 അംഗ കോര്‍പറേഷനില്‍ 149 എണ്ണത്തിന്റെ ഫലം വന്നപ്പോള്‍ ഭരണകക്ഷിയായ ടിആര്‍എസ് 55 സീറ്റുകളില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബിജെപി 48 സീറ്റുകള്‍ നേടി രണ്ടാമതെത്തി. ഹൈദരാബാദ് പഴയ നഗര മേഖലയില്‍ ഉവൈസിയുടെ എഐഎംഐഎം 44 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിനു 2 സീറ്റുകള്‍ മാത്രം. 2016ലെ ഫലം അതേപടി നിലനിര്‍ത്താന്‍ ബിജെപിയുടെ കൊടുങ്കാറ്റിലും ഉവൈസിക്കു കഴിഞ്ഞു.

സംസ്ഥാനവും മുനിസിപ്പല്‍ കോര്‍പറേഷനും ഭരിക്കുന്ന ടിആര്‍എസിന്റെ പ്രകടനം ഹൈദരാബാദില്‍ ബിജെപിക്കു മുന്നില്‍ മങ്ങിയപ്പോള്‍ പിടിച്ചുനിന്നതിന്റെ ആശ്വാസത്തിലാണ് ഉവൈസി. വാശിയേറിയ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും തനിച്ചു ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്.2015 ല്‍ വെറും മൂന്നു സീറ്റില്‍ മാത്രം ഒതുങ്ങിയിരുന്ന ബിജെപി ടിആര്‍എസിനെ ഞെട്ടിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *