ഡൽഹിയ്ക്ക് ചുറ്റും 3 ലക്ഷത്തോളം കർഷകർ നിലയുറപ്പിച്ചിട്ടുണ്ട് എന്നാണ് പൊതുകണക്ക് .കർഷക നേതാക്കൾ പറയുന്നത് കൃത്യമാണെങ്കിൽ മാസങ്ങൾ നീണ്ട പ്രക്ഷോഭത്തിന് തയാറായാണ് അവർ വന്നിരിക്കുന്നത് .
1988 നു ശേഷമുള്ള ഏറ്റവും വലിയ കർഷക പ്രക്ഷോഭം ആണിത് .കരിമ്പിന് വില കൂട്ടണമെന്ന് ആവശ്യപ്പെട്ടും വെള്ളം,വൈദ്യുതി എന്നിവയ്ക്ക് പണം ഈടാക്കരുത് എന്നാവശ്യപ്പെട്ടും ഉള്ള പ്രക്ഷോഭത്തിൽ 5 ലക്ഷം കർഷകരെ ആണ് അന്ന് ഭാരതീയ കിസാൻ യൂണിയൻ അണിനിരത്തിയത് .
35 കർഷക സംഘടനകൾ ആണ് പ്രക്ഷോഭത്തിന് ചുക്കാൻ പിടിക്കുന്നത് . 31 എണ്ണം പഞ്ചാബിൽ തന്നെയുള്ളതാണ് .ബാക്കിയുള്ളവ മധ്യപ്രദേശിലും ഹരിയാനയിലും ഉള്ളതാണ് .ഇവയിൽ 10 കർഷക സംഘടനകൾക്ക് രാഷ്ട്രീയ ബന്ധം ഉണ്ട് .ഇതിൽ 8 എണ്ണവും പഞ്ചാബിൽ നിന്നുള്ളവ ആണ് .
6 കർഷക സംഘടനകൾ ഇടത് സംഘടനകളുമായി ബന്ധമുള്ളവ ആണ് .രണ്ടെണ്ണം അകാലി ദളുമായും .പഞ്ചാബിന് പുറത്തുള്ള രണ്ട് സംഘടനകൾ കോൺഗ്രസുമായും ആം ആദ്‌മിയുമായും ബന്ധമുള്ളവ ആണ് .
പ്രക്ഷോഭ രംഗത്തുള്ള ഏറ്റവും വലിയ കർഷക സംഘടന ആയ ഭാരതീയ കിസാൻ യൂണിയൻ ഏക്താ ഉഗ്രഹ പ്രത്യക്ഷ രാഷ്ട്രീയ ബന്ധം ഇല്ലാത്ത സംഘടന ആണ് .മുൻ സൈനികൻ ജോഗീന്ദർ സിങ് ഉഗ്രഹാൻ 2002 ൽ സ്ഥാപിച്ചതാണ് ഈ സംഘടന .പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന 3 ലക്ഷം പേരിൽ ഒരു ലക്ഷത്തി തൊണ്ണൂറായിരം പേർ തങ്ങളുടെ അംഗങ്ങൾ ആണെന്നാണ് ഏക്താ ഉഗ്രഹ ഭാരവാഹികൾ പറയുന്നത് .ഭക്ഷണ പദാർത്ഥങ്ങൾ അടക്കം പാക്ക് ചെയ്ത ട്രാക്ടറുകൾ ഡെൽഹിയ്ക്കും റോഹ്ത്തക്കിനും ഇടയിൽ 80 കിലോമീറ്റർ നീളത്തിൽ ആണ് ഇവർ പാർക്ക് ചെയ്തിരിക്കുന്നത് .
സമര തന്ത്രം മാറ്റുക ആണെന്നാണ് ഏക്താ ഉഗ്രഹ പറയുന്നത് .ഇപ്പോൾ പ്രായമായവർ ആണ് പ്രക്ഷോഭത്തിന്റെ മുമ്പിൽ എങ്കിൽ താമസിയാതെ പ്രക്ഷോഭ രംഗത്ത് കൂടുതൽ ചെറുപ്പക്കാരെ കാണാൻ ആകും .പ്രക്ഷോഭത്തിനിടയിൽ 15 പേർ മരിച്ചു എന്നാണ് ഏക്താ ഉഗ്രഹ പറയുന്നത് .ഇതിൽ പത്ത് പേർ പഞ്ചാബിൽ വച്ചും 5 പേർ ഡെൽഹി സമരത്തിനിടയ്ക്കും ആണ് മരിച്ചത് .
1978 വരെ പഞ്ചാബ് കെട്ടിബാരി യൂണിയനും ഹരിയാനയിലെ കിസാൻ സംഘർഷ് സമിതിയുമായിരുന്നു ഉത്തരേന്ത്യയിലെ കർഷകരെ മുഴുവൻ പ്രതിനിധാനം ചെയ്തിരുന്നത് .1978 ൽ പി കെ യു ഭാരതീയ കിസാൻ യൂണിയൻ ആയി മാറി .1982 ബി കെ യു പിളർന്നു .1986 ൽ മഹേന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ സംഘടന വീണ്ടും സജീവമായി .പിന്നീട് ബി കെ യു പലതായി പിളർന്നു ഏക്താ ഉഗ്രഹയാണ് ഇപ്പോൾ ഇതിലെ ഏറ്റവും വലിയ യൂണിയൻ .
5 ആവശ്യങ്ങൾ ആണ് കർഷക യൂണിയനുകൾ മുന്നോട്ട് വെയ്ക്കുന്നത് .പാർലമെൻറ് പാസാക്കിയ 3 കർഷക നിയമങ്ങളും പിൻവലിക്കണം എന്നതാണ് ആദ്യത്തെ ആവശ്യം .രണ്ടാമത്തെ ആവശ്യം താങ്ങുവില ബിൽ കൊണ്ടുവന്ന് ഉറപ്പാക്കണം എന്നും ഉൽപ്പന്നങ്ങളുടെ സംഭരണം കേന്ദ്രം തന്നെ നിർവഹിക്കണം എന്നുമാണ് .സൗജന്യ വൈദ്യുതി ഇല്ലാതാക്കുന്ന വൈദ്യതി ഭേദഗതി ബിൽ പിൻവലിക്കണം എന്നതാണ് ,മൂന്നാമത്തെ ആവശ്യം .കാർഷിക മിച്ച വസ്തുക്കൾ കത്തിച്ചില്ലാതാക്കുന്നത് ശിക്ഷാർഹമാക്കിയ ഭേദഗതി പിൻവലിക്കണം എന്നതാണ് നാലാമത്തെ ആവശ്യം .പഞ്ചാബിൽ പാട ശേഖരങ്ങൾ കത്തിച്ചതുമായി ബന്ധപ്പെട്ടെടുത്ത കേസുകൾ പിൻവലിക്കണം എന്നതാണ് അഞ്ചാമത്തെ ആവശ്യം .