നിയമസഭാ തിരഞ്ഞെടുപ്പ്: കോവിഡ് പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ചീഫ് സെക്രട്ടറിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി

2021 ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ് കോവിഡ് പശ്ചാത്തലത്തിൽ സുഗമമാക്കാൻ മുന്നൊരുക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്തിപ്പിന് കൂടുതലായി ആവശ്യമുള്ള സജ്ജീകരണങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ചർച്ച നടത്തി.

പൊതുവിലുള്ള തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ഒരുക്കങ്ങൾക്ക് പുറമേ, കോവിഡ് സാഹചര്യത്തിൽ വരാൻ സാധ്യതയുള്ള വെല്ലുവിളികൾ വിശദമായി ചർച്ച ചെയ്തു. കോവിഡ് സാഹചര്യത്തിൽ കൂടുതൽ പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കേണ്ടിവരുമെന്ന് യോഗം വിലയിരുത്തി. 16,000 ഓളം ഓക്‌സിലറി ബൂത്തുകൾ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇതിനായി ചെലവ്, മനുഷ്യ വിഭവശേഷി എന്നിവ കൂടുതലായി വേണ്ടിവരും. ഇക്കാര്യങ്ങളിലെ സാധ്യതകളും പ്രായോഗികതകളും യോഗം ചർച്ച ചെയ്തു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായി വരുന്ന സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും നിലവിലെ സാഹചര്യത്തിൽ വേണ്ടിവരുന്ന അധിക ക്രമീകരണങ്ങളെക്കുറിച്ചും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അധിക ചെലവുകൾ സംബന്ധിച്ച് ധനകാര്യ അഡീ. ചീഫ് സെക്രട്ടറി വിശദീകരിച്ചു.

തിരഞ്ഞെടുപ്പ് നടത്തിപ്പിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ സഹായത്തിന് പരിചയസമ്പരായ കൂടുതൽ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിക്കുമെന്ന് ചീഫ് സെക്രട്ടറി യോഗത്തിൽ അറിയിച്ചു.

തിരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച അധിക ചെലവുകൾക്ക് സപ്ലിമെൻററി ഫിനാൻസ് ഗ്രാൻറിന് അഭ്യർഥിക്കാൻ യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് മികച്ച രീതിയിൽ നടത്താൻ ക്രമീകരണങ്ങൾ ഒരുക്കാനാകുമെന്ന് യോഗം വിലയിരുത്തി.

ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ധനകാര്യ അഡീ. ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: രാജൻ എൻ. ഘോബ്രഗഡേ, എ.ഡി.ജി.പി ദർവേശ് സാഹിബ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *