കർഷക സമരം ഹരിയാനയിൽ ബിജെപി സർക്കാരിനെ വീഴ്ത്തുമോ ?കോൺഗ്രസ് വിജയം മണക്കുന്നു

ർഷക സമരം കേന്ദ്ര സർക്കാരിനെ പോലെ ഒരു സംസ്ഥാന സർക്കാരിനെയും വെട്ടിലാക്കിയിരിക്കുകയാണ് .ബിജെപി ഭരിക്കുന്ന മനോഹർ ലാൽ ഖട്ടാർ നേതൃത്വം നൽകുന്ന സർക്കാരിന്റെ ഭാവി തുലാസിലായത് കർഷക സമരത്തിന്റെ പാർശ്വഫലം കൊണ്ടാണ് .

ഹരിയാനയിലെ 11 ബിജെപി എംഎൽഎമാർ ,5 സ്വതന്ത്രർ ,5 ജെ ജെ പി എംഎൽഎമാർ തുടങ്ങിയവർ നേരിട്ടോ അല്ലാതെയോ കാര്ഷികവൃത്തിയുമായി ബന്ധമുള്ളവർ ആണ് .2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പത്രികയിൽ ജോലി രേഖപ്പെടുത്തുന്ന ഭാഗത്ത് ഇവരെല്ലാം കർഷകർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് .

നവംബറിൽ ആണ് ബിജെപി എംഎൽഎ അസീം ഗോയൽ കർഷക പ്രശ്നങ്ങൾ മുൻനിർത്തി അസംബ്ലിയ്ക്ക് മുന്നിൽ പ്രക്ഷോഭം നടത്തിയത് .അതേ മാസം ജെ ജെ പി എംഎൽഎ ജോജി റാം സിഹാബ് കർഷകരോട് ഐകദാർഢ്യം പ്രകടിപ്പിച്ച് ഹൗസിങ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവച്ചു .ജെ ജെ പിയുടെ മറ്റൊരു എംഎൽഎ റാം കുമാർ ഗൗതം കർഷകർക്ക്‌ വേണ്ടി ബിജെപിയെയും സ്വന്തം പാർട്ടിയെ തന്നെയും വിമർശിച്ച് രംഗത്തെത്തിയിട്ടും അധികം കാലം ആയില്ല .

കർഷക സമരം നീണ്ടു പോയാൽ അത് ഹരിയാന സർക്കാരിനുണ്ടാക്കുന്ന ഭീഷണി ചെറുതല്ല. സ്വതന്ത്ര എം എൽ എമാരും ദുഷ്യന്ത് ദവെ നേതൃത്വം നൽകുന്ന ജെ ജെ പിയും കർഷക രോഷത്തിൽ പിടിച്ചു നിൽക്കാൻ പറ്റാത്തവരാണ് . ജെ ജെ പിയുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ ബിജെപി സർക്കാരിന് പിടിച്ചു നിൽക്കാൻ ആവൂ.

2019 ലെ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിൽ എത്താൻ ബിജെപിയ്ക്ക് ആയില്ല. ബിജെപി -40, കോൺഗ്രസ്‌ -31, ജെജെപി -10, സ്വതന്ത്രർ -7, എച്ച് എൽപിയും ഐ എൻ എൽ ഡിയും ഓരോന്ന് വീതം എന്നിങ്ങനെ ആണ് കക്ഷിനില.

തെരഞ്ഞെടുപ്പിന് ശേഷം ജെ ജെ പി ബിജെപിയുമായി സഖ്യത്തിൽ ആയി.7 സ്വതന്ത്രരും എച്ച്എൽപിഎ എം എൽ എയും ബിജെപിയെ പിന്തുണച്ചു.

എന്നാൽ ബറോഡ ഉപതെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനു അനുകൂലമായതോടെ സഖ്യകക്ഷികൾക്കും സ്വതന്ത്ര എം എൽ എമാർക്കും ചാഞ്ചാട്ടമായി. ബിജെപി സർക്കാരിന്റെ നാൾ എണ്ണപ്പെട്ടു എന്ന പ്രചരണം ശക്തമാണ് ഹരിയാനയിൽ ഇപ്പോൾ.

90 അംഗ നിയമസഭയിൽ 40 മണ്ഡലവും കാർഷിക മേഖലയിൽ ആണ്. ബിജെപിയുടെ സഖ്യകക്ഷി ജെ ജെ പിയുടെ വോട്ട് ബാങ്കും കർഷകർ ആണ്. കർഷക പ്രക്ഷോഭം മുറുകുന്നതോടെ ബിജെപിയുമായുള്ള സഖ്യം പുനപരിശോധിക്കാൻ നിർബന്ധിതമായിരിക്കുകയാണ് ജെ ജെ പി.

ഉടൻ കർഷക പ്രക്ഷോഭത്തിന് അവസാനമായില്ലെങ്കിൽ ജെ ജെ പി മാത്രമല്ല ചില ബിജെപി എം എൽ എമാരും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചേക്കും എന്നാണ് ശ്രുതി.

“ദുഷ്യന്ത് ദവെ ബന്ധപ്പെട്ടില്ലെങ്കിലും നിരവധി എം എൽ എ മാർ കോൺഗ്രസുമായി ബന്ധപ്പെടുന്നുണ്ട്. കസേര വേണോ കർഷകരുടെ താല്പര്യം വേണോ എന്നാ ചോദ്യമാണ് ഉയരുന്നത്. അവരെ അവരാക്കിയത് കർഷകർ ആണ്. സ്വതന്ത്ര എം എൽ എ മാർക്കും ജെ ജെ പിയ്ക്കും അവർ ആരുടെ കൂടെ നിൽക്കണം എന്ന് ഉടൻ തീരുമാനിക്കേണ്ടി വരും.”പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹുഡ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *