NEWS

പെരിയ ഇരട്ടക്കൊലപാതകം; സിബി ഐ അന്വേഷണത്തെ ചോദ്യം ചെയ്ത സര്‍ക്കാരിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സര്‍ക്കാരിന് തിരിച്ചടി. സിബി ഐ അന്വേഷണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി. സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി വിധി ശരിവെയ്ക്കുകയും കേസുകള്‍ സംബന്ധിച്ച രേഖകള്‍ കൈമാറാനും കോടതി നിര്‍ദേശം നല്‍കി.

കേസില്‍ സിബിഐ ഇത് വരെ അന്വേഷണം തുടങ്ങിയിട്ടില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ വാദിച്ചെങ്കിലും സുപ്രീംകോടതി ഇത് പരിഗണിച്ചില്ല. കേസ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്നും പൊലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു സംസ്ഥാനസര്‍ക്കാരിന്‍റെ വാദം. സുപ്രീംകോടതി ഉത്തരവ് കൊല്ലപ്പെട്ട ശരത് ലാലിന്‍റെ കുടുംബം സ്വാഗതം ചെയ്തു.

ഈ വര്‍ഷം ഫെബ്രുവരി 17നാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. ഏച്ചിലടുക്കം റോഡിന് സമീപം കാറിലെത്തിയ സംഘം ഇരുവരേയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ ശരത്ത് ലാലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃപേഷും ആശുപത്രിയിലേക്കുളള വഴിമധ്യേയാണ് മരിച്ചത്.

ഒന്നാം പ്രതി പീതാംബരന്റെ വ്യക്തി വിരോധമാണ് പെരിയയിലെ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്. പീതാംബരനടക്കം പതിനാല് പേരാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. സജി സി ജോര്‍ജ്, സുരേഷ്, അനില്‍ കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്‍, സുബീഷ്, മുരളി, രഞ്ജിത്ത്, പ്രദീപന്‍, മണികണ്ഠന്‍, ബാലകൃഷ്ണന്‍ എന്‍, മണികണ്ഠന്‍ ബി എന്നിവരാണ് ഈ കുറ്റപത്രം പ്രകാരമുളള മറ്റ് പ്രതികള്‍.

Back to top button
error: