സ്പ്രിംഗ്‌ളര്‍: ആദ്യ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും , കോപ്പി തനിക്ക് ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
തിരുവനന്തപുരം:സ്പ്രിംഗ്‌ളര്‍ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ആദ്യം നിയോഗിച്ച മാധവന്‍ നമ്പ്യാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്നും , അതിന്റെ ഒരു കോപ്പി തനിക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കോവിഡിന്റെ മറവില്‍ കേരളത്തിലെ രോഗികളുടെ വ്യക്തിഗത വിവരങ്ങള്‍ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ സ്പ്രിംഗ്‌ളര്‍ ശേഖരിക്കുകയും അവ വിദേശരാജ്യങ്ങളിലെ വന്‍കിട കമ്പനികള്‍ക്ക് നല്‍കി കോടികള്‍ സമ്പാദിക്കുകയും ചെയ്യുന്ന സംഭവം പ്രതിപക്ഷം പുറത്ത് കൊണ്ടുവരികയും അതുവഴി സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സപ്രിംഗ്‌ളറിന് വിവരശേഖരണത്തിന് അനുമതി നല്‍കിയതില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിരുന്നോ, വ്യക്തികളുടെ മൗലികാവകാശമായ സ്വകാര്യത ലംഘിക്കപ്പെട്ടിട്ടുണ്ടോ, എവിടെയൊക്കെയാണ് വീഴ്ചകളുണ്ടായത് എന്നൊതൊക്കെ അന്വേഷിക്കാന്‍ മുന്‍ കേന്ദ്ര വ്യാമോയന സെക്രട്ടറി മാധവന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്.
പ്രസ്തുത കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വിവരശേഖരണത്തിനായി സ്പ്രിംഗ്്‌ളറെ നിയോഗിച്ചതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചകള്‍ വ്യക്തമായി പറഞ്ഞിരുന്നു . 1.8 ലക്ഷം ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ സ്പ്രിംഗ്‌ളറുടെ കയ്യിലെത്തിയെന്നാണ് ഈ കമ്മിറ്റി കണ്ടെത്തിയത്. അത് നശിപ്പിച്ചുകളഞ്ഞുവെന്ന് സ്പ്രിംഗ്‌ളര്‍ പറയുന്നുണ്ടെങ്കിലും അത് ചെയ്തിട്ടുണ്ടോ എന്നുറപ്പില്ലന്നും കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് പുതിയൊരു കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. ഇതേ തുടര്‍ന്നാണ് മാധവന്‍ നമ്പ്യാരുടെ നേതൃത്വത്തിലുണ്ടായിരുന്ന ആദ്യ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍ പുറത്ത് വിടണമെന്നും അതിന്റെ കോപ്പി പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്ക് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.