NEWS

സില്‍വര്‍ ലൈന്‍ പദ്ധതി അപ്രായോഗികം, പ്രായോഗികം സബര്‍ബന്‍: ഉമ്മന്‍ ചാണ്ടി

ഇടതുസര്‍ക്കാര്‍ വിഭാവനം ചെയ്ത സില്‍വര്‍ ലൈന്‍ റെയില്‍പാതയ്ക്ക് നീതി ആയോഗ് അനുമതി നിഷേധിക്കുകയും പദ്ധതിക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച സബര്‍ബന്‍ റെയില്‍ പദ്ധതിയിലേക്ക് ഉടനടി മടങ്ങിപ്പോകണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചെലവു കുറഞ്ഞതും പ്രായോഗികവുമായ സബര്‍ബന്‍ റെയില്‍ പദ്ധതിയുമായി ഇടതുസര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നെങ്കില്‍ അത് ഇതിനോടകം യാഥാര്‍ത്ഥ്യമാകുമായിരുന്നു.

സില്‍വര്‍ ലൈനിന്റെ പദ്ധതിച്ചെലവ് 65,000 കോടിക്കു പകരം 1.33 ലക്ഷം കോടി രൂപയാകുമെന്നും സ്ഥലമെടുപ്പിന് കിലോമീറ്ററിന് 120 കോടി രൂപയ്ക്കു പകരം 370 കോടി രൂപയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് നീതി ആയോഗ് പദ്ധതിയുടെ രൂപരേഖയ്ക്ക് അനുമതി നിഷേധിച്ചത്. മര്‍മപ്രധാനമായ കാര്യങ്ങളില്‍പ്പോലും മനസിരുത്താതെ തയാറാക്കിയ തികച്ചും അപ്രായോഗികമായ പദ്ധതിയാണിത്. റെയില്‍വെ ബോര്‍ഡ്, ധനകാര്യ മന്ത്രാലയും, പരിസ്ഥിതി മന്ത്രാലായം എന്നിവയുടെ അനുമതിയില്ല. സംസ്ഥാന റവന്യൂവകുപ്പിനെ ഒഴിവാക്കി നടത്തുന്ന സ്ഥലമെടുപ്പിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

Signature-ad

2013ലാണ് യുഡിഎഫ് സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്ന് സംയുക്ത സംരംഭം എന്ന നിലയില്‍ സബര്‍ബന്‍ റെയില്‍ പദ്ധതി ആവിഷ്‌കരിച്ചത്. നിലവിലുള്ള റെയില്‍വെ ലൈനിലെ സിഗ്‌നനുകള്‍ ആധുനികവത്കരിച്ച് നടപ്പാക്കാന്‍ കഴിയുന്നതാണ് പദ്ധതി. ഇരട്ടപ്പാത പൂര്‍ത്തിയായ ചെങ്ങന്നൂര്‍ വരെയുള്ള 125 കിലോമീറ്ററിന് 1200 കോടിയാണ് മതിപ്പ് ചെലവ്. 600 കിലോമീറ്ററിന് മൊത്തം 12,000 കോടി രൂപ ചെലവില്‍ കേന്ദ്രവും കേരളവും പപ്പാതി ചെലവു വഹിക്കണം. കേരളത്തിന്റെ മുടക്ക് പരമാവധി 6,000 കോടിയാണ്. റെയില്‍വെ പദ്ധതിയിലെ ഏറ്റവും വലിയ വെല്ലുവിളിയായ സ്ഥലമെടുപ്പ് ഈ പദ്ധതിയിലില്ല.

വിഎസ് അച്യുതാനന്ദര്‍ സര്‍ക്കാരിന്റെ കാലത്ത് 2009ല്‍ പ്രഖ്യാപിച്ച കേരള ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ താങ്ങാനാവാത്ത ചെലവും (1,27,000 കോടി രൂപ) സ്ഥലമെടുപ്പിനെതിരേ ഉയര്‍ന്ന പ്രതിഷേധവും പരിഗണിച്ചാണ് യുഡിഎഫ് സബര്‍ബന്‍ പദ്ധതിയിലേക്കു തിരിഞ്ഞത്.

ഇടതുസര്‍ക്കാര്‍ ഹൈസ്പീഡ് പദ്ധതിയെ പൊടിതട്ടിയെടുത്താണ് അര്‍ധഅതിവേഗ സില്‍വര്‍ ലൈന്‍ പദ്ധതി രൂപീകരിച്ചത്. ഇതിന് തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ പുതിയ ലൈനും തിരൂര്‍ മുതല്‍ കാസര്‍കോഡുവരെ സമാന്തരലൈനുമാണ് വേണ്ടത്. ഇതിന്റെ ഡിപിആര്‍ ഉണ്ടാക്കാന്‍ മാത്രം 30 കോടി രൂപ ചെലവഴിച്ചു. റെയില്‍വെ പദ്ധതികള്‍ക്കായി കേരള റെയില്‍ ഡവല്പമെന്റ് കോര്‍പറേഷന്‍ രൂപീകരിക്കുകയും പാര്‍ട്ടിക്കാരെ കുടിയിരുത്തുകയും ചെയ്തു. സ്ഥലമെടുപ്പിനെതിരേ പലയിടത്തും സിപിഎമ്മിന്റെ നേതൃത്വത്തില്‍പോലും പ്രതിഷേധം ഉയരുന്നുണ്ട്.

അമിതമായ സാമ്പത്തിക ബാധ്യതയും സ്ഥലമെടുപ്പിലെ വെല്ലുവിളിയും കണക്കിലെടുത്ത് ഇനിയെങ്കിലും സാമ്പത്തിക ബാധ്യത കുറഞ്ഞതും സ്ഥലമെടുപ്പ് ഇല്ലാത്തതും പ്രായോഗികവുമായ സബര്‍ബന്‍ ട്രെയിന്‍ പദ്ധതിയിലേക്കു തിരിച്ചുപോകണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Back to top button
error: