NEWS

നടിയെ ആക്രമിച്ച കേസ്; പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം.

എറണാകുളത്തെ വിചാരണക്കോടതിയാണ് ഇത് സംബന്ധിച്ച് നിലപാടറിയിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസ് അടുത്ത മാസം രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.

നിലവില്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതുവരെ കേസിന്റെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കണമെന്ന് അന്വേഷണ സംഘം കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

നേരത്തെ കേസിന്റെ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും നടിയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് താല്‍ക്കാലികമായി വിചാരണ നടപടികള്‍ നിര്‍ത്തിവെച്ചുകൊണ്ട് ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി ഇരുവരുടെയും ആവശ്യം തള്ളുകയായിരുന്നു.

നിലവിലെ വിചാരണക്കോടതിയില്‍ തന്നെ കേസിന്റെ വിചാരണ തുടരണമെന്നും ഉത്തരവിട്ടിരുന്നു. ഇതു പ്രകാരം കഴിഞ്ഞ ദിവസം കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചുവെങ്കിലും കേസില്‍ കോടതിയില്‍ ഹാജരായിക്കൊണ്ടിരുന്ന സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ എ സുരേശന്‍ രാജിവെച്ചതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയും അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാനും നിര്‍ദേശിക്കുകയുമായിരുന്നു.

Back to top button
error: