സ്വപ്‌നയുടെ ശബ്ദരേഖ ; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ ഡി നിർബന്ധിച്ചുവെന്ന് സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നതില്‍ അന്വേഷണം പ്രഖ്യാപിച്ച് ജയില്‍ ഡിജിപി ഋഷിരാജ് സിങ്. ഇന്നു തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി ദക്ഷിണമേഖല ഡിഐജിയോട് നിര്‍ദേശിച്ചു.
ഒരു സ്വകാര്യ വെബ് പോർട്ടൽ ആണ് ശബ്ദരേഖ പുറത്ത് വിട്ടത് .മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ തന്നെ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനമുണ്ടെന്നും ശബ്ദരേഖയിൽ പറയുന്നു .മൊഴി വായിച്ചു നോക്കാൻ അനുവദിക്കുന്നില്ലെന്നും ശബ്ദരേഖ പരാതിപ്പെടുന്നു .
മൊഴി രേഖപ്പെടുത്തിയ പേജുകൾ പെട്ടെന്ന് മറിച്ചു ഒപ്പിടാൻ ആണ് നിർബന്ധിക്കുന്നത് .ഇ ഡി കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ ശിവശങ്കറിനൊപ്പം യു എ ഇയിൽ പോയി മുഖ്യമന്ത്രിക്ക് വേണ്ടി സാമ്പത്തിക വിലപേശൽ നടത്തി എന്നാണ് ഉള്ളതെന്ന് അഭിഭാഷകൻ പറഞ്ഞെന്നും ശബ്ദരേഖയിൽ പറയുന്നു .
താൻ അങ്ങിനെ ഒരിക്കലും മൊഴി നൽകില്ലെന്ന് പറഞ്ഞപ്പോൾ ഇനിയും ജയിലിൽ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശബ്ദരേഖയിൽ ഉണ്ട് .