ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്കുള്ള രണ്ടാം വരവില്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സച്ചിന് കുന്ദല്‍ക്കര്‍ സംവിധാനം ചെയ്യുന്ന ‘കൊബാള്‍ട്ട് ബ്ലൂ’ എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണിമ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്.
പ്രതീക് ബബ്ബറാണ് ചിത്രത്തിലെ നായകന്. ഹിന്ദി-ഇംഗ്ലീഷ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം സച്ചിന് കുന്ദല്‍ക്കറിന്റെ പുസ്തകത്തെ അധികരിച്ചുള്ളതാണ്. സിനിമയിലെ ഏക മലയാളി സാന്നിധ്യമാണ് പൂര്‍ണിമ.
2006ല്‍ മറാത്തിയില്‍ പുറത്തിറങ്ങിയ നോവലാണ് ‘കൊബാള്‍ട്ട് ബ്ലൂ’. തനയ്, അനുജ എന്ന സഹോദരിമാരുടെ കഥയാണ് നോവല്‍ പറയുന്നത്. ഇവരുടെ വീട്ടില്‍ പേയിങ് ഗസ്റ്റ് ആയി താമസിക്കാനെത്തുന്ന യുവാവുമായി ഇരുവരും പ്രണയത്തിലാകുന്നു.
കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ലൈംഗികത, സമൂഹം തുടങ്ങിയ വിഷയങ്ങളെ പ്രതിപാദിക്കുന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം നെറ്റ്ഫ്ലിക്സിനു വേണ്ടി ഓപ്പണ്‍ എയര്‍ ഫിലിംസാണ് നിര്‍മിക്കുന്നത്. വിഞ്ചെന്‍സോ കോണ്ടറെലിയാണ് ചിത്രത്തിന്റെ ക്യാമറ.
വിവാഹത്തിനുശേഷം അഭിനയരംഗത്തു നിന്നു ഇടവേളയെടുത്ത പൂര്‍ണിമ ‘വൈറസ്’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ തിരിച്ചെത്തിയത്. നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാജീവ് രവി ചിത്രം തുറമുഖമാണ് ഇനി പൂര്‍ണിമയുടെ പുറത്തിറങ്ങാനുള്ള ചിത്രം. കൊച്ചിയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിലെ സെറ്റില്‍ നടന്ന ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.