ആകാശത്തില്‍ ഉയര്‍ന്ന് പറന്ന് സൂര്യയുടെ സൂററൈ പോട്ര്
നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ ഒരു തീവ്രമായ സ്വപ്‌നം മനസിലുണ്ടോ.? അതിന് വേണ്ടി എത്ര നാള്‍ വേണമെങ്കിലും കഷ്ടപ്പെടാന്‍ നിങ്ങള്‍ക്ക് മനസുണ്ടോ.? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ സൂററൈ പോട്ര് എന്ന ചിത്രം കാണണം. കാരണം മുന്നോട്ട് കുതിക്കുന്ന നിങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകരാനും കരുത്തോടെ സഞ്ചരിക്കാനും ഈ ചിത്രം ഒരു ഊര്‍ജം തരും. സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി സുധ കൊങ്കര തിരക്കഥയെഴുതി സംവിധാനം ചെയ്ത് ചിത്രമാണ് സൂററൈ പോട്ര്. സാധാരണക്കാരനും പ്ലെയിനില്‍ സഞ്ചരിക്കണമെന്ന് ആഗ്രഹിച്ച ക്യാപ്റ്റന്‍ ഗോപിനാഥ് എന്ന മനുഷ്യന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സുധ കൊങ്കര ചിത്രം അണിയിച്ചൊരുക്കിയത്.
ഒരു ബയോപിക് എന്നതിനപ്പുറത്തേക്ക് എല്ലാത്തരം പ്രേക്ഷകരേയും തൃപ്ത്തിപ്പെടുത്തുന്ന സിനിമാണ് സൂററൈ പോട്ര്. കഥാപാത്രങ്ങളായി അരങ്ങിലെത്തിയ ഓരോരുത്തരും ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. മലയാളികളുടെ പ്രീയപ്പെട്ട ഉര്‍വ്വശിയും അപര്‍ണ ബാലമുരളിയും സൂര്യയ്‌ക്കൊപ്പമോ ചിലയിടങ്ങളില്‍ സൂര്യയ്ക്ക് മുകളിലോ തങ്ങളുടെ പ്രകടനം കൊണ്ട് കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. മാരാ എന്ന കഥാപാത്രത്തിന്റെ ഏറ്റവും വലിയ സ്വപ്‌നം സാധാരണക്കാര്‍ സഞ്ചരിക്കുന്ന ഒരു ലോ-കോസ്റ്റ് എയര്‍ലൈന്‍സ് തുടങ്ങുക എന്നതാണ്. അതിനായി മാരന്‍ നടത്തുന്ന ശ്രമങ്ങളും അതിനെ തടയിടുന്ന സര്‍ക്കാരിന്റെയും ചില വ്യക്തികളുടെയും കഥയാണ് ചിത്രം സംസാരിക്കുന്നത്.
ഒടിടി ഫ്‌ളാറ്റ് ഫോമില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമല്ല സൂററൈ പോട്ര്് എന്നാണ് പ്രേക്ഷകരില്‍ തൊണ്ണൂറ് ശതമാനവും പേര്‍ പറയുന്നത്. അതേ സമയം കോവിഡ് സാഹചര്യങ്ങള്‍ മാറിയശേഷം ചിത്രം തീയേറ്ററിലും എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സൂചനയുണ്ട്.