NEWS

അരിസോനയിലും ജോ ബൈഡന്‍ തന്നെ

ഒരാഴ്ച നീണ്ടു നിന്ന അരിസോനയിലെ വോട്ടുകളെണ്ണി തീര്‍ന്നപ്പോള്‍ വിജയം ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്. പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡന് വേണ്ടിയിരുന്ന 270 ഇലക്ട്രല്‍ വോട്ടുകള്‍ നേരത്തെ തന്നെ ലഭിച്ചിരുന്നു. അരിസോന സ്‌റ്റേറ്റിലെ വിജയം കൂടി അരികിലെത്തിയതോടെ ജോ ബൈഡന് 290 വോട്ടുകള്‍ ആകെ ലഭിച്ചു. ഏഴ് പതിറ്റാണ്ടിനിടെ അരിസോനയില്‍ ജയിക്കുന്ന രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയാണ് ജോ ബൈഡന്‍. അതേ സമയം തിരഞ്ഞെടുപ്പിലെ തോല്‍വി ഡോണാള്‍ഡ് ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടുമില്ല എന്നതും കൗതുകകരമായ കാര്യമാണ്. വോട്ടെണ്ണലില്‍ ക്രമക്കേടും തിരിമറിയും നടന്നിട്ടുണ്ടെന്നാണ് ട്രംപിന്റെയും കൂട്ടരുടേയും ആരോപണം. വിവിധ സംസ്ഥാനങ്ങളില്‍ ട്രംപ് അനുയായികള്‍ വിജയത്തിനെതിരെ കോടതിയില്‍ സമീപിച്ചിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ യാതൊരു ക്രമക്കേടും ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാദം. ട്രംപ്പിന്റെ അനുയായികള്‍ നല്‍കിയ കേസ് പലയിടത്തും തള്ളിയിട്ടുണ്ട്. ട്രംപം തോല്‍വി അംഗീകരിക്കാത്തതുകൊണ്ട് ഭരണകൈമാറ്റം പ്രതിസന്ധിയിലാണ്. പുതിയ സമിതിക്ക് ഫണ്ട് അനുവദിക്കേണ്ട ജനറല്‍ സര്‍വ്വീസസും ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.

Back to top button
error: