ബീമാപള്ളി റഷീദിനെ ബീമാപള്ളി ഈസ്റ്റിൽ മത്സരിപ്പിക്കാൻ ലീഗ് നീക്കം ,മത്സരിക്കാൻ ലീഗ് കൗൺസിലർ സജീന ടീച്ചറും
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദിനെ ബീമാപള്ളി ഈസ്റ്റിൽ നിർത്താനുള്ള ലീഗ് നീക്കത്തിനെതിരെ നിലവിലെ ലീഗ് കൗൺസിലർ സജീന ടീച്ചർ രംഗത്ത് .വാർഡിൽ മത്സരിക്കുമെന്നും ഇക്കാര്യം പാർട്ടിയെ അറിയിച്ചിരുന്നുവെന്നും സജീന ടീച്ചർ വ്യക്തമാക്കിയിരുന്നു .
ബീമാ പള്ളിയും ബീമാ പള്ളി ഈസ്റ്റും ലീഗ് വാർഡുകൾ ആണ് .ബീമാപള്ളിയിൽ റഷീദും ഈസ്റ്റിൽ സജീന ടീച്ചറുമായിരുന്നു കൗൺസിലർമാർ .കഴിഞ്ഞ ദിവസം ബീമാപള്ളി ഈസ്റ്റിൽ നടന്ന ലൈഫ് പദ്ധതി ഉദ്ഘാടനത്തിന്റെ ഫ്ളക്സുകളിൽ സജീന ടീച്ചറെ വെട്ടിമാറ്റി ബീമാപള്ളി റഷീദ് ഇടം പിടിച്ചത് ഏറെ കോലാഹലങ്ങൾക്ക് ഇടയാക്കിയിരുന്നു .അവഗണനയ്ക്കെതിരെ സജീന ടീച്ചർ പരസ്യമായി പൊട്ടിത്തെറിച്ചു .വേദിയിൽ വികാരഭരിതയായി സംസാരിക്കുകയും ചെയ്തു .
ബീമാ പള്ളി വാർഡ് വനിതാ സംവരണം ആയതോടെയാണ് റഷീദ് ഈസ്റ്റിൽ നോട്ടമിട്ടത് .എന്നാൽ തന്റെ വാർഡിൽ തന്നെ മത്സരിക്കാൻ അനുവദിക്കണം എന്നായിരുന്നു ടീച്ചറുടെ ആവശ്യം .സജീന ടീച്ചർക്ക് ലീഗ് മെമ്പർഷിപ്പ് ഇല്ല എന്ന റഷീദിന്റെ ആരോപണം കൂടിയായപ്പോൾ വിവാദം കൊഴുത്തു .
മൂന്നു തവണ മത്സരിച്ചവർക്ക് ഇനി സീറ്റ് നൽകേണ്ടതില്ല എന്നാണ് ലീഗ് തീരുമാനം .എന്നാൽ റഷീദ് ആകട്ടെ ആ പരിധി കഴിഞ്ഞിരിക്കുന്നു .എന്നാലും ഇളവ് നൽകി റഷീദിനെ നിർത്താൻ ആണ് ലീഗ് നീക്കം .ഇതിനെതിരെ മലബാർ മേഖലയിലും മത്സരിക്കാൻ ആകാത്ത മുതിർന്നവരിൽ പ്രതിഷേധം ഉണ്ടാകാൻ ഇടയുള്ളതിനാൽ അവസാന നിമിഷം റഷീദിനെ പ്രഖ്യാപിക്കാൻ ആണ് ലീഗ് പദ്ധതി എന്നാണ് റിപ്പോർട്ട് .