ക്രിസ് പോയി ,കോവിഡിന്റെ ക്രൂരത ,തനൂജ ഭട്ടതിരിപ്പാടിന്റെ വൈകാരിക കുറിപ്പ്
കെട്ടകാലത്ത് നമ്മൾ പരസ്പരം താങ്ങാകേണ്ട ആവശ്യകതയെ കുറിച്ചാണ് കോവിഡ് കൊണ്ടുപോയ ക്രിസിന്റെ കഥ എഴുത്തുകാരി തനൂജ ഭട്ടതിരിപ്പാട് പറയുന്നത് .
തനൂജയുടെ ഫേസ്ബുക് കുറിപ്പ് –
കൂട്ടുകാരെ,പല പോസ്റ്റും ഞാൻ കാണുന്നു സ്വയം സങ്കടപെടുന്നതരം.അതു സാരമില്ല. പക്ഷെ താമസിയാതെ പുറത്തുവരണം.ഓരോ വീഴ്ചയും കഴിഞ്ഞു നിന്നിടത്തുനിന്ന് മുകളിൽ കയറി നിൽക്കണം.ശരിക്കും പറഞ്ഞാൽ നമ്മുടെ ചുറ്റുമുള്ളവർ എത്ര സങ്കടപെടുന്നുണ്ടെന്നോ!ഓരോന്ന് കാണുമ്പോൾ, കേൾക്കുമ്പോൾ, നമുക്കൊന്നും ഒരു പ്രശ്നവുമില്ല എന്ന് മനസിലാവും.
ഇന്ന് തളർന്നുപോയ ഒരു കാര്യം പറയാം. എനിക്കറിയാവുന്ന പെൺകുട്ടിയാണ്.സ്കൂൾ മുതൽ കൂടെ പഠിച്ച കൂട്ടുകാരനെ പ്രേമിച്ചു വിവാഹം കഴിച്ചു.കുട്ടിയായിരുന്നപ്പോൾ മുതലുള്ള സ്നേഹമാണ്. വളർന്നപ്പോൾ അവർ തീരുമായിച്ചിരുന്നു വിവാഹം കഴിക്കും എന്ന്.. അമ്മുമ്മ ക്കെന്നപോലെ 4 കുഞ്ഞുങ്ങളും ഉണ്ടാകും എന്നവർ തീരുമാനിച്ചു.
4 കുട്ടികളുടെ കാര്യം കേട്ട ചിലർ ചിരിച്ചു. ചിലർ അതു ശരിയല്ല എന്നും പറഞ്ഞു.അവരുടെ സ്വപ്നത്തിൽ പക്ഷെ 4 കുട്ടികളാണ്. വിവാഹം കഴിച്ചു. 2 കുട്ടികളുമായി.ഭാര്യയും ഭർത്താവും എല്ലാക്കാലത്തും കടുത്ത പ്രണയത്തിലാണ്.കാലം അവർക്കു പരസ്പര സ്നേഹം വർദ്ധിപ്പിച്ചു.മൂന്നാമതും അവൾ ഗർഭിണിയായി. മാസം 7 ആയി. അവൻ അവളെ ലാളിച്ചു കൊണ്ടുനടന്നു.
അതിനിടയിൽ ഭർത്താവിന് കോവിഡ് positive.താമസിയാതെ ഇവൾക്കും അങ്ങനെ തന്നെ. സിംപ്‌റ്റംസ് കൂടുതൽ അവൾക്കായിരുന്നുആശുപത്രിയിൽ അഡ്മിറ്റ് ആയി. സീരിയസ് ആകുന്ന സ്ഥിതിക്ക് അവളെ രക്ഷിക്കാൻ കുട്ടിയെ ഓപ്പറേറ്റ് ചെയ്‌തെടുക്കാം എന്ന് doctor പറഞ്ഞു.7 മാസം അമ്മയുടെ വയറ്റിൽ കിടന്ന കുഞ്ഞു അങ്ങനെ പുറത്തെത്തി ഇന്ക്യൂബെറ്ററിലായി.
അടുത്ത ദിവസം കുഞ്ഞു മരിച്ചു.അമ്മ സീരിയസായി വെന്റിലേറ്ററിൽ.ഭർത്താവ് ഭാര്യയെ കാണാനാവാതെ കരഞ്ഞു.അയാൾ ക്വാറന്റൈൻ കഴിഞ്ഞസമയം മുതൽ കാറിൽ ആശുപത്രിക്ക് വെളിയിൽ കാവൽ കിടന്നു.വണ്ടാനം ആശുപത്രി icu വിൽ അവൾ ഒന്നുമറിയാതെ കിടന്നു.അതിനിടയിലവളുടെ അച്ഛന് കോവ്ഡ് positive.ആശുപത്രിയിൽ അഡ്മിറ്റ് ആക്കുന്നു. 2 ദിവസം കഴിഞ്ഞു മരിക്കുന്നു.
അവൾടെ അമ്മയാണ് അവൾടെ 2 മക്കളെയും നോക്കി വീട്ടിൽ ഇരിക്കുന്നത്.അമ്മയോട് പറഞ്ഞിട്ടില്ല, അച്ഛൻ മരിച്ചത്, ബോഡി എന്തായാലും കൊണ്ടു വരില്ല, കാണിക്കില്ല,അവളുടെ സഹോദരൻ ക്വാറന്റൈനിൽ വീട്ടിനുള്ളിലാണ്. വീട് പോലീസ് ലോക്ക് ചെയ്തു രിക്കുകയുമാണ്.
ഇന്നലെ രാത്രി അവൾ മരിച്ചു.അമ്മ ആരുടേം മരണം അറിയാതെ അവൾടെ മക്കളെ നോക്കുന്നു.അവളുടെ ഭർത്താവ്. അവൾടെ വോയ്സ് msg കേട്ടു കേട്ടു കാറിൽ തന്നെ ഇരിക്കുന്നു.കോവിഡ് തകർത്ത കുടുംബമാണ്.അച്ഛൻ, മകൾ, കുട്ടി.ഭർത്താവിനെ മാത്രം മുഖം ഒന്ന് കാണിക്കുമത്രേ അയാളുടെ ആവശ്യപ്രകാരം.കൂടെ ഓടി കളിച്ച കൂട്ടുകാരിയെയാണ്, സ്വപ്നം തീർത്ത കാമുകിയെയാണ്,അയാൾക്ക് നഷ്ടമായതു.അച്ഛന്റെ നഷ്ടം അതിലും മേലെ അയാളെ തകർക്കുന്നു.
മനുഷ്യരെല്ലാം സ്നേഹിക്കുന്നവരുടെ അഭാവം മറികടക്കുന്നത്, സ്നേഹിക്കുന്ന മറ്റുചിലരുടെ സാമീപ്യത്തിലാണ്.കോവ്ഡ് കാരണം വേണ്ടപ്പെട്ടവർക്കാർക്കും ഈ വേദനിക്കുന്നവരെ അശ്വസിപ്പിക്കാൻ പോലും ആവുന്നില്ല.ഒറ്റക്ക് തീ തിന്നുകയാണ് ചില മനുഷ്യർ.ഞാൻ ഒരു ഡെക്കറേഷനുമില്ലാതെ ഇതെഴുതുന്നത് ആരെയും വേദനിപ്പീക്കാനൊ എഴുത്തിന്റെ രസത്തിനു വേണ്ടിയോ ഒന്നുമല്ല.ഇതു കണ്മുന്നിൽ നടക്കുന്ന കാഴ്ചകളാണ്.
ബന്ധം എന്നുപറഞ്ഞാൽ രക്ത ബന്ധം മാത്രമല്ലല്ലോ.ഓരോ മനുഷ്യരും എങ്ങനെയൊക്കെ ബന്ധപ്പെട്ടിരിക്കുന്നു..!അപ്പോൾ കുടുംബം തകർന്നത് നമ്മുടെ ഒക്കെ കൂടെയാണ്.അതുകൊ ണ്ട് കൂട്ടുകാരെ .. നിങ്ങൾ സങ്കടപ്പെട്ടോളൂ,നിങ്ങളുടെ പ്രശ്നങ്ങൾക്ക്.പക്ഷെ അധികം വീണു കിടക്കരുത്. എണീക്കണം.എണീറ്റിട്ടു കരയുന്നവരെ എണീക്കാൻ സഹായിക്കണം. ചെയ്യാൻ ഒരുപാടുണ്ട് ഈ കെട്ട കാലത്തു! മറക്കരുത്.!