വേട്ടയാടല്‍ ആണവകാശമായിരുന്നില്ല: പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
പണ്ട് മുതല്‍ക്കേ നമ്മള്‍ കേട്ട് ശീലിച്ചൊരു വാക്യമാണ് അടുക്കളയാണ് പെണ്ണിന്റെ ലോകമെന്ന്. ഇന്ന് ലോകത്ത് പല മേഖലകളിലേക്കും സ്ത്രീസാന്നിധ്യം കടന്നു വരുന്നുണ്ടെങ്കിലും പെണ്ണിനെ കൊണ്ട് പറ്റില്ലാ എന്ന പേരില്‍ സമൂഹം അതിര് കല്‍പ്പിച്ചിരിക്കുന്ന ചിലയിടങ്ങളുണ്ടെന്ന് പറയാതെ വയ്യ. ചരിത്രത്തില്‍ ഒരിടത്തും ഒരു സ്ത്രീ വേട്ടയാടിയതായി രേഖപ്പെടുത്തിയിട്ടില്ല എന്ന ധാരണയെ പൊളിച്ചെഴുതുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
തെക്കേ അമേരിക്കയിലെ ആന്‍ഡ്‌സ് പര്‍വ്വത നിരകളില്‍ കണ്ടെത്തിയ സ്ത്രീകളുടെ ശവക്കുഴികളില്‍ നിന്നുമാണ് ഞെട്ടിക്കുന്ന പുതിയ വാര്‍ത്തകള്‍ പുറത്തു വരുന്നത്. 9000 വര്‍ഷത്തോളം പഴക്കമുള്ള വേട്ടയാടിയിരുന്ന സ്ത്രീകളുടെ ജൈവാവശിഷടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഡാവിസിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ പ്രകാരം പ്രാചീന കാലത്ത് പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും വേട്ടയാടിയിരുന്നുവെന്ന് തെളിയിക്കപ്പെടുകയാണ്. വേട്ടയാടല്‍ പുരുഷന്റെ മാത്രം കുത്തകയായിരുന്നു എന്ന് വിശ്വസിച്ചിരുന്ന ഒരു വിഭാഗത്തിന്റെ ധാരണകളെ പൊളിക്കുന്നതാണ് പുതിയ കണ്ടെത്തലെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ റാന്‍ഡി ഹാസിന്റെ വെളുപ്പെടുത്തല്‍.
പെറുവിലെ വിലാമയ പട്ജക്‌സ പര്‍വ്വതനിരയില്‍ നിന്നാണ് ഉത്ഖനനത്തിനിടയിലാണ് ശവക്കുഴികളില്‍ നിന്നും മൃഗങ്ങളെ മെരുക്കുന്നതിനും വേട്ടയാടുന്നതിനുമുള്ള ഉപകരണങ്ങള്‍ സംഘം കണ്ടെത്തിയത്. തെക്കേ അമേരിക്കയില്‍ നിന്നും വടക്കേ അമേരിക്കയില്‍ നിന്നും ഇതുവരെ 429 ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 27 പേരുടെ അവശിഷ്ടങ്ങളില്‍ നിന്നും വേട്ടയാടുന്നതിനുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. അതില്‍ തന്നെ 11 എണ്ണം സ്ത്രീകളുടെയാണെന്ന് തെളിഞ്ഞതോേെട പ്രാചീനകാലത്ത് സ്ത്രീകളും വേട്ടയാടല്‍ നടത്തിയിരുന്നുവെന്നു തെളിഞ്ഞിരിക്കുകയാണ്. പ്രാചീനകാലത്ത് 30 മുതല്‍ 50 ശതമാനം വരെ സ്ത്രീകള്‍ വേട്ടയാടാന്‍ ഇറങ്ങിയിരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജൈവാവശിഷ്ടങ്ങളും, എല്ലും, പല്ലും പരിശോധിച്ചതില്‍ നിന്നാണ് സ്ത്രീകള്‍ വേട്ടയ്ക്ക് ഇറങ്ങിയിരുന്നു എന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നത്.