കോഴ, കളളപ്പണക്കേസുകള്‍; പ്രതിപക്ഷത്തെ പൂട്ടാന്‍ സര്‍ക്കാര്‍
പ്രതിപക്ഷത്തെ പൂട്ടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനെ സംബന്ധിച്ച സൂചനകള്‍ ലഭിച്ചുകഴിഞ്ഞു. പ്രതിപക്ഷനേതാവടക്കം പ്രതിപക്ഷത്തെ ഏഴ്‌പേരാണ് കോഴ, കളളപ്പണക്കേസുകളില്‍ അന്വേഷണവലയിലായിരിക്കുന്നത്.സോളാര്‍ ഉള്‍പ്പെടെയുളള പലതും യുഡിഎഫിന്റെ ഉറക്കം കെടുത്തുമ്പോഴാണ് പുതിയ ആരോപണങ്ങള്‍ ഉയരുന്നത്.
ബാര്‍ ഉടമ ബിജു രമേശ് നല്‍കിയ പുതിയ വെളിപ്പെടുത്തലാണ് രമേശ് ചെന്നിത്തല, മുന്‍മന്ത്രിമാരായ കെ.ബാബു , വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് വഴി തുറന്നിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജിയും നിലവിലുണ്ട്.
കോഴ വാങ്ങിയവരും കളളപ്പണമിടപാട് നടത്തിയവരും എംഎല്‍എമാരും ജനപ്രതിനിധികളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത് എന്നതാണിതിന്റെ പ്രത്യേകത. സ്വര്‍ണക്കടത്ത് കേസിന്റെ പേരില്‍ കേന്ദ്ര ഏജന്‍സികള്‍ നിരന്തരം പുകമറ സൃഷ്ടിക്കുമ്പോള്‍ കേരളത്തില്‍ പ്രതിപക്ഷത്തിനെതിരെ സര്‍ക്കാര്‍ നീങ്ങിയില്ല. മുന്‍മന്ത്രിയടക്കം പ്രതിയായിട്ടും നിയമവഴിമാത്രമാണ് തേടിയത്. അതേസമയം, അനില്‍ അക്കരെ എംഎല്‍എ നല്‍കിയ പരാതിയില്‍ വളരെ പെട്ടെന്ന് തന്നെ കേസെടുത്തു.
സോളാര്‍, ബാര്‍ കേസുകള്‍ക്ക് വീണ്ടും ജീവന്‍ വെയ്ക്കുമ്പോള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാത്രമല്ല, മുന്‍മന്ത്രിമാകും എംഎല്‍എമാരും അടക്കം പ്രതികൂട്ടിലേക്ക് കയറേണ്ടി വരുന്നത് നിയമപരമായ ബാധ്യതയായി നിലനില്‍ക്കുന്നു. അതിനിടയില്‍ സോളാര്‍ പരാതിക്കാരിക്കെതിരെ കെപിസിസി പ്രസിഡന്റ് നടത്തിയ പ്രസ്താവന ദേശീയ തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് വനിത കമ്മീഷന്‍ മന്ത്രിക്കെതിരെ സ്വമേധയ കേസെടുത്തെങ്കില്‍, ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം.
ഇത്രയും പ്രശ്‌നങ്ങള്‍ പ്രതിപക്ഷത്ത് പുകയുമ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പുകമറയുടെ മുനകൂര്‍പ്പിക്കല്‍ മാത്രമാണ് നടക്കുന്നത്. ശിവശങ്കറിനെയല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരിലേക്കും എത്താന്‍ അന്വേഷമ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല.