NEWS

വിവാഹപ്രായം ഉയര്‍ത്തല്‍; മലബാറില്‍ ‘നിക്കാഹ്’ വര്‍ധിക്കുന്നു

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമുണ്ടെന്ന പ്രചരണത്തെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും വിലങ്ങുതടിയാണ് നേരത്തെയുളള കല്യാണമെന്ന് ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ അവകാശപ്പെടുന്നത് ഇത് സംസ്‌കാരത്തിന്റെ ഒരു ഭാഗമാണെന്നാണ്.

Signature-ad

പെണ്ണിന്റെ സ്വപ്‌നങ്ങള്‍ക്ക് എക്‌സ്‌പെയറി ഡേറ്റ് നിശ്ചയിക്കുന്ന സംസ്‌കാരത്തിനെതിരെ നില്‍ക്കുകയാണ് പുതുതലമുറയിലെ ഭൂരിഭാഗം യുവജനങ്ങളും. എന്നാല്‍ ഇപ്പോഴിതാ മലബാറിലെ സ്ഥിതി വ്യത്യസ്തമായിരിക്കുകയാണ്. നിയമം നടപ്പാക്കുന്നതിന് മുമ്പായി പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കുകയാണിവിടെ. വിവാഹപ്രായത്തെക്കുറിച്ചുളള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മലബാറില്‍ നിക്കാഹുകളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 18നും 21നും ഇടയിലുളള പെണ്‍കുട്ടികളുടെ നിക്കാഹുകളാണ് വ്യാപകമായി നടക്കുന്നത്. നിക്കാഹ് എന്നാല്‍ വിവാഹചടങ്ങുകള്‍ക്ക് പകരം മതപരമായ വിവാഹക്കരാറുകളാണ്. ഇത്തരത്തില്‍ നിക്കാഹ് നടത്തി വിവാഹചടങ്ങ് പിന്നീട് സംഘടിപ്പിക്കുന്നത് പതിവാണെങ്കിലും ഇപ്പോള്‍ നിക്കാഹുകളുടെ എണ്ണം വര്‍ധിച്ചതാണ് ശ്രദ്ധേയമായിരിക്കുന്നത്.

ഭൂരിപക്ഷം മുസ്ലിം സംഘടനകളും വിവാഹപ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ മുസ്ലീം ലീഗിന്റെ വനിതാ വിദ്യാര്‍ത്ഥി വിഭാഗമായ എം.എസ്.എഫ് ഹരിത സംസ്ഥാന അധ്യക്ഷ മുഫീദ തെസ്‌നിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്. ധൃതിയില്‍ നടത്തുന്ന ഈ നിക്കാഹുകള്‍ സ്വപ്നങ്ങളെ തച്ചുടക്കുന്നതാവാതിരിക്കട്ടെ എന്നായിരുന്നു മുഫീദയുടെ കുറിപ്പ്. കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്.

അതേസമയം, വിവാഹപ്രായം ഉയര്‍ത്തുന്നു എന്ന പ്രചാരണം ഉണ്ടാവുന്നതിന് മുമ്പേ വിവാഹം ഉറപ്പിച്ച 18 വയസ്സ് തികഞ്ഞ്, 21ന് താഴെ പ്രായമുളള പെണ്‍കുട്ടികളുടെ നിക്കാഹുകളും നടത്തുന്നുണ്ട്..ഇതല്ലാതെയും ധാരാളം നിക്കാഹുകള്‍ നടക്കുന്നു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മിക്ക നിക്കാഹുകളും നടക്കുന്നത്.

ഭൂരിപക്ഷം രാജ്യങ്ങളിലും 16 മുതല്‍ 18 വരെ വിവാഹപ്രായം നിലനില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ മാത്രം മാറ്റം വരുത്തുന്നതില്‍ ഭൂരിഭാഗം മുസ്ലിം സംഘടനകളും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

https://www.facebook.com/permalink.php?story_fbid=2798591970407161&id=100007691566695

Back to top button
error: