2019 ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്
2019ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം മലയാളത്തിലെ എക്കാലത്തേയും വിലപ്പെട്ട സംവിധായകന്‍ ഹരിഹരന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്ന ഈ പുരസ്‌കാരം സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയാണ്.
വടക്കന്‍ വീരഗാഥയും പഴശ്ശിരാജയുമടക്കമുളള ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഹരിഹരന് ആറു പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാര നേട്ടം.
കോഴിക്കോട് സ്വദേശിയായ ഹരിഹരന്‍ 1965ലാണ് സിനിമാരംഗത്തെത്തുന്നത്. നടന്‍ ബഹദൂറുമായുള്ള സൗഹൃദമാണ് സിനിമയിലേക്കുള്ള വഴി അദ്ദേഹത്തിനു മുന്നില്‍ തുറന്നു കൊടുക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തില്‍ സംവിധാനം ആരംഭിച്ച ഹരിഹരന്‍ പ്രേം നസീര്‍, മധു, ജയന്‍ തുടങ്ങിയ അന്നത്തെ സൂപ്പര്‍ താരങ്ങള്‍ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്.
1973ല്‍ ലേഡീസ് ഹോസ്റ്റല്‍ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തു. ശരപഞ്ജരം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, ആരണ്യകം, ഒരു വടക്കന്‍ വീരഗാഥ, സര്‍ഗം, എന്ന് സ്വന്തം ജാനകിക്കുട്ടി, പഴശ്ശിരാജ തുടങ്ങി 52 സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ ഏഴാമത്തെ വരവാണ് അവസാനമായി സംവിധാനം ചെയ്ത സിനിമ. മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം മൂന്നു തവണ നേടിയിട്ടുള്ള അദ്ദേഹത്തെ തേടി മൂന്നു തവണ ദേശീയ പുരസ്‌കാരവുമെത്തിയിട്ടുണ്ട്.