NEWS

കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി പദത്തിൽ നിന്ന് അവധിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നതായി സൂചന ,പകരം എം വി ഗോവിന്ദൻ വന്നേക്കും

കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയിൽ പോയേക്കുമെന്ന് സൂചന .ഇക്കാര്യം കോടിയേരി പാർട്ടി നേതൃത്വത്തെ അറിയിച്ചുവെന്നാണ് റിപ്പോർട്ട് .7 നു ചേരുന്ന സംസ്ഥാന സമിതി യോഗം ഇക്കാര്യം പരിഗണിക്കുമെന്നാണ് വിവരം .

ആരോഗ്യപരമായ കാരണങ്ങളാൽ ആണ് കോടിയേരി അവധിയിൽ പ്രവേശിക്കുന്നത് .നേരത്തെ രോഗം ഭേദമായെങ്കിലും ഇപ്പോൾ അസ്വസ്ഥതകൾ ഉണ്ടെന്നാണ് സൂചന .ഈ പശ്ചാത്തലത്തിൽ അമേരിക്കയിലെ ചികിത്സ തുടരണോ എന്ന ചിന്ത നിലനിൽക്കുന്നുണ്ട് .എന്നാൽ കോവിഡ് സാഹചര്യം യാത്ര അടക്കമുള്ള കാര്യങ്ങൾക്ക് തടസ്സമാകുമോ എന്നും പരിശോധിക്കുന്നുണ്ട് .

Signature-ad

കോടിയേരിയോട് വിശ്രമിക്കാനാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ട് .നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ താൽക്കാലികമായി അവധിയിൽ പോകാനും ചുമതല മറ്റൊരാളെ ഏൽപ്പിക്കാനുമാണ് ആലോചന .അങ്ങിനെയെങ്കിൽ എം വി ഗോവിന്ദൻ മാസ്റ്റർക്കാണ് പ്രഥമ പരിഗണന .എം എ ബേബിയും പരിഗണനയിൽ ഉണ്ട് .ചർച്ച വേറെ വഴിക്ക് നീങ്ങിയാൽ എസ് ആർ പിയ്‌ക്കും സാധ്യത ഉണ്ട് .

സർക്കാരിനെ കേന്ദ്ര ഏജൻസികൾ വളയുന്നതിനെ ആശങ്കയോടെയാണ് സിപിഐഎം കാണുന്നത് .കേന്ദ്ര ഏജൻസികൾ പരിധി ലംഘിക്കുകയാണ് എന്നാണ് സിപിഎം കരുതുന്നത് .കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ കേന്ദ്ര ഏജൻസികൾക്കെതിരേ രംഗത്തെത്തിയിരുന്നു .ആദ്യ ഘട്ടത്തിൽ നേർവഴിക്ക് നീങ്ങിയ ഏജൻസികൾ പിന്നീട് മനഃപൂർവമായ ഇടപെടൽ നടത്തുകയാണെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത് .

കേന്ദ്ര ഏജൻസികൾക്ക് ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടെന്നുള്ള സന്ദേശമാണ് സിപിഐഎം അണികൾക്ക് നൽകുന്നത് .ആ അർത്ഥത്തിൽ ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കാൻ ആണ് തീരുമാനം .സൈബർ മേഖലയിലും ഈ ആശയങ്ങൾക്ക് ഊന്നൽ നൽകും .

അതേസമയം ബിനീഷ് കോടിയേരിക്കെതിരെയുള്ള അന്വേഷണത്തിൽ പിടിമുറുക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ഇ ഡി സംഘം ബിനീഷ് നടത്തിയ ബാങ്ക് ഇടപാടുകൾ പരിശോധിക്കുന്നുണ്ട് .ഐ ഡി ബി ഐ ,എച്ച് ഡി എഫ് സി, പി എൻ ബി തുടങ്ങിയ ബാങ്കുകളോട് ഇ ഡി ബിനീഷിന്റെ ഇടപാടുകൾ സംബന്ധിച്ച രേഖകൾ തേടിയിട്ടുണ്ട് എന്നാണ് വിവരം .ബിനീഷ് കൊടിയേരിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പരിശോധനയുമുണ്ട് .

ബിനീഷിനെ ബംഗളുരുവിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ് .ആറു ദിവസമായി ചോദ്യങ്ങളുടെ മുൾമുനയിൽ ആണ് ബിനീഷ് .ബിനീഷിനെ വരിഞ്ഞു മുറുക്കുന്ന ആരോപണങ്ങൾ ആണ് ഇ ഡി കോടതിയിൽ സമർപ്പിച്ചിട്ടുള്ളത് .ബിനീഷ് ലഹരി മരുന്ന് സ്ഥിരമായി ഉപയോഗിച്ചിരുന്നു എന്നും കേരളത്തിലും ദുബായിലും കേസുകൾ ഉള്ള സ്ഥിരം കുറ്റവാളി ആണെന്നും ഇ ഡി കോടതിയിൽ നൽകിയ കസ്റ്റഡി കാലാവധി നീട്ടാനുള്ള അപേക്ഷയിൽ പറയുന്നു .

Back to top button
error: