സർവേകൾ കൃത്യമായാൽ ജോ ബൈഡൻ അമേരിക്കൻ പ്രസിഡണ്ട്
രജിസ്റ്റേർഡ് വോട്ടർമാരിലെ തെരഞ്ഞെടുപ്പ് പൂർവ സർവേ ഫലങ്ങൾ സത്യം ആകുകയാണെങ്കിൽ ജോ ബൈഡൻ ആകും അടുത്ത അമേരിക്കൻ പ്രസിഡണ്ട്.റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് മേൽ ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡന് നിർണായക മുൻതൂക്കം ഉണ്ട് .
സിഎൻഎൻ പോൾ ഓഫ് പോൾസിൽ 10%മേൽക്കൈ ആണ് ജോ ബൈഡന് ഉള്ളത് .പിന്തുണയുടെ ദേശീയ ശരാശരി ബൈഡന് 52 % ഉം ട്രംപിന് 42 %ഉം ആണ് .നവംബർ 3 വരെ പുറത്ത് വന്ന വിശ്വാസയോഗ്യമായ സർവേകൾ സമാഹരിച്ചാണ് സിഎൻഎൻ പോൾ ഓഫ് പോൾസ് തയ്യാറാക്കിയിരിക്കുന്നത് .
സിഎൻഎൻ ,ന്യൂയോർക്ക് ടൈംസ് ,ഫോക്സ് ന്യൂസ് സർവേയുടെ ആകെത്തുകയാണ് പോൾ ഓഫ് പോൾസ് .ഇതിൽ സിഎൻഎൻ ,ന്യൂയോർക്ക് ടൈംസ് എന്നീ മാധ്യമങ്ങൾ ട്രംപ് നിശിതമായി വിമര്ശിക്കുന്നവയാണ് .ഫോക്സ് ന്യൂസ് ആകട്ടെ ട്രംപിന്റെ പരിലാളന ഏറ്റുവാങ്ങുന്ന മാധ്യമമാണ് .
ട്രംപ് 12 %ന് പിന്നിൽ ആണെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ സർവേ .ട്രംപിനെ പിന്തുണയ്ക്കുന്ന ഫോക്സ് ന്യൂസ് പ്രവചിക്കുന്നത് ട്രംപ് 8 % പിന്നിൽ ആണെന്നാണ് .ഫോക്സ് ന്യൂസിനെ നിയന്ത്രിക്കുന്ന റൂപർട്ട് മർഡോക്കിന് ട്രംപിന്റെ സ്ഥാനചലനം ഉറപ്പാണെന്ന് വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു .കോവിഡ് കാലം കൈകാര്യം ചെയ്തതിലെ പിഴവാണ് ട്രംപിനെ പിന്നിലാക്കുന്നത് എന്നാണ് റിപ്പോർട്ട് .