ആ വിലകൂടിയ ഐ ഫോൺ ആരുടെ പക്കൽ ?
ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ 4 .48 കോടിയുടെ കമ്മീഷന് പുറമെ 5 ഐ ഫോണുകളും സ്വപ്ന സുരേഷ് ചോദിച്ചു വാങ്ങിയിരുന്നതായി യൂണിറ്റാക് ഉടമ സന്തോഷ് ഈപ്പൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു .ഇതിൽ 99,900 രൂപയുടെ ഫോൺ ഉപയോഗിച്ചിരുന്നത് എം ശിവശങ്കർ ആണെന്ന് വ്യക്തമായിട്ടുണ്ട് .ഈ പശ്ചാത്തലത്തിൽ ഫോണുകൾ ആർക്കൊക്കെ നൽകിയെന്ന് അന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു .
നാല് ഫോണുകൾ ഉപയോഗിക്കുന്നവരെ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു എന്നാൽ അഞ്ചാമത്തെ ഫോൺ ആരുടെ പക്കൽ ആണെന്നാണ് ഇനി കണ്ടെത്താൻ ഉള്ളത് .അതേസമയം തനിയ്ക്ക് ലഭിച്ച ഫോൺ അസിസ്റ്റൻറ് പ്രോട്ടോകോൾ ഓഫീസർ എ പി രാജീവൻ പൊതുഭരണ വകുപ്പിൽ ഏൽപ്പിച്ചു .
സിം മാറ്റി രേഖകൾ എല്ലാം മായ്ച്ചാണ് രാജീവൻ ഫോൺ പൊതുഭരണ വകുപ്പിൽ ഏൽപ്പിച്ചത് .സർക്കാർ ചട്ടം അനുസരിച്ച് ജീവനക്കാരോ കുടുംബത്തിലെ അംഗങ്ങളോ സർക്കാരിന്റെ അനുമതി ഇല്ലാതെ പാരിതോഷികം കൈപ്പറ്റാൻ പാടില്ല .അതുകൊണ്ടു തന്നെ രാജീവിനെതിരെ വകുപ്പുതല നടപടി വന്നേക്കും .ഫോൺ കൈപ്പറ്റാൻ നിവൃത്തി ഇല്ലാത്തതിനാൽ രാജീവിന് തന്നെ തിരിച്ചു നൽകിയേക്കും .