NEWS

മലയാളത്തിലെ ശ്രദ്ധേയ കഥാകൃത്തായ ഐസക്ക് ഈപ്പൻ എഴുതുന്നു: സ്ത്രീവിരുദ്ധതയുടെ തുടർ പാഠങ്ങൾ…

ബാലൽസംഗത്തിനു ഇരയായ സ്ത്രീ ആത്മാഭിമാനമുണ്ടെങ്കിൽ മരിക്കും. മുല്ലപ്പള്ളി…..

ഇതൊരു ചെറിയ പ്രസ്താവന അല്ല. സവർണതയുടെ കോട്ട കൊത്തളങ്ങളിൽ നീതി നിഷേധിക്കപ്പെട്ടു ജീവിതം ഹോമിച്ച ഒട്ടനവധി സ്ത്രീകളെ ചരിത്രത്തിൽ നിന്ന് തൂത്തെറിഞ്ഞു തങ്ങളുടെ ഫ്യൂഡൽ ജീവിത വ്യവസ്ഥിതി നിലനിർത്താൻകാലങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുന്ന മാടമ്പിത്തരത്തിന്റെ പൊതു പ്രസ്താവനയാണത്. ചിന്തിക്കേണ്ട ഒരു പാട് കാര്യങ്ങളുണ്ടതിൽ.

ഒരു സ്ത്രീയും തനിക്കൊരു അഭിസാരികയായി ജീവിക്കണമെന്ന് ആഗ്രഹിക്കാറില്ല. ബലാത്സംഗം ചെയ്തു തരണമേ എന്ന് വിലപിക്കാറുമില്ല. എന്നിട്ടും നിസഹായരായ അവരെ, മറ്റു യാതൊരു കഴിവുകളും ഇല്ലാത്ത, പുരുഷന്മാർ ബലാത്സംഗം ചെയുന്നു. എന്നിട്ട് നിങ്ങളുടെ ആത്മാഭിമാനം പോയെന്നും അതുകൊണ്ടു മരണമാണ് ഇനി നല്ലതെന്നും ഉപദേശിക്കുന്നു.

സ്ത്രീയെ ബലാത്സംഗം ചെയ്താൽ, പുരുഷന്റെ ആത്മാഭിമാനം പോകുന്നില്ല എങ്കിൽ അതിനൊരു അർത്ഥമേ ഉള്ളു… അയാൾക്ക്‌ പണ്ടും അതുണ്ടായിരുന്നില്ല. തന്നെയല്ല അങ്ങനെയെങ്കിലും സ്ത്രീ ഇല്ലാതായി കിട്ടിയാൽ ഇനി അടുത്ത ഇരയെ തേടി പോകാം എന്ന പുരുഷന്റെ കുരുട്ടു ബുദ്ധിയും ഇതിൽ ഉണ്ട്.

കഴിഞ്ഞ 70 വർഷത്തിനുള്ളിൽ ഇന്ത്യയിൽ അരങ്ങേറിയ എല്ലാ പീഡനങ്ങളുടെയും ശിക്ഷ ഏറ്റു വാങ്ങിയത് സ്ത്രീ മാത്രമാണ്. പ്രസിദ്ധമായ ബാന്റല റേപ്പ് കേസും അജ്‌മീർ കേസും ഒക്കെ ഉദാഹരണം.

നിയമം ചില പുരുഷന്മാരെ ശിക്ഷിച്ചിട്ടുണ്ടാവാം. പക്ഷെ അതുകൊണ്ടു ഒരു പുരുഷന്റെയും സ്ത്രീയോടുള്ള മനോഭാവത്തിൽ മാറ്റം വരുന്നില്ല. അമ്മയേയും സഹോദരിയെയും കൂട്ടി വളർത്തപെടാത്തവരാണ് നമ്മുടെ പുരുഷന്മാരിൽ അധികവും. അതുകൊണ്ടു അവരുടെ വാക്കിലും പ്രവർത്തിയിലും എപ്പോഴും സ്ത്രീ വിരുദ്ധത തെളിഞ്ഞു നില്ക്കും. എത്ര മറച്ചു പിടിക്കാൻ ശ്രമിച്ചാലും ചിലപ്പോൾ അത് വെളിയിൽ വരും. അതുകൊണ്ടാണ് നമ്മുടെ പ്രസിദ്ധമായ ചിലസംഘടനകൾ പോലും സ്ത്രീകൾ അവർക്കെതിരെ എന്തെങ്കിലും പറയുമ്പോൾ ഞങ്ങൾ ബലാത്സംഗം ചെയ്യും എന്ന് ഒരു കൂസലുമില്ലാതെ ഭീഷണിപ്പെടുത്തുന്നത്. കാരണം, ചരിത്രത്തിൽ നിന്നും അവർക്കു കിട്ടിയ പരിശീലനം അതാണ്.

കുറഞ്ഞ പക്ഷം സ്ത്രീയെ അപമാനിക്കുമ്പോൾ, ഒന്നോർക്കമായിരുന്നു , ഒറ്റക്കൊരു സ്ത്രീ മാത്രം വിചാരിച്ചാൽ ബലാത്സംഗം നടക്കില്ല. അപ്പോൾ മരിക്കുന്നെങ്കിൽ, അതിലുൾപ്പെട്ട പുരുഷനും മരിക്കണം. അതാണ് സാമൂഹ്യനീതി. പക്ഷെ അങ്ങനെ മരിക്കേണ്ടി വന്നാൽ ഒരുപാട് പേർക്ക് മരിക്കേണ്ടി വരും. ഇതാവുമ്പോൾ ഒരു സ്ത്രീ മരിച്ചാൽ മതിയല്ലോ.

അവൾക്കാണെങ്കിലോ, ഞങ്ങൾ നേതാക്കൾ ഒരു സ്ഥാനവും കൊടുക്കുന്നുമില്ല.
അല്ലങ്കിൽ തന്നെ സ്ത്രീയെ മനുഷ്യരായി അംഗീകരിക്കണമോ എന്ന് നമ്മുടെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതുവരെ തീരുമാനിച്ചിട്ടില്ല. അതുകൊണ്ടു ഇത്തരം വാക്കുകൾ അറിയാതെ പെട്ടന്ന് വരുന്നതാവണമെന്നില്ല. അത് രൂഢമൂലമായ ചരിത്ര ബോധങ്ങളിൽ നിന്ന് അറിയാതെ വരുന്നതാണ്. ചരിത്രം എന്നും സ്ത്രീ വിരുദ്ധമായിരുന്നല്ലോ…?

Back to top button
error: