കടുത്ത നിയന്ത്രണങ്ങളോടെ അടുത്ത ആഴ്ച്ച ബാറുകള്‍ തുറക്കുമെന്ന് സൂചന
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ അടുത്ത ആഴ്ച്ച തുറക്കുമെന്ന് സൂചന.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും മുന്‍പ് ബാറുകള്‍ തുറക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ലോക്ഡൗണ്‍ ആംരംഭിച്ചപ്പോള്‍ പൂട്ടിയ ബാറുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നവംബര്‍ ആദ്യവാരം തുറക്കാമെന്നാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു വിജ്ഞാപനം വന്നുകഴിഞ്ഞാല്‍ ഡിസംബര്‍ അവസാനം മാത്രമേ ബാറുകള്‍ തുറക്കാന്‍ കഴിയുകയുള്ളു.
അതേസമയം, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നെന്ന് ഉറപ്പുവരുത്താന്‍ എക്‌സൈസ്, പൊലീസ്, റവന്യൂ വിഭാഗങ്ങള്‍ ബാറുകളില്‍ പരിശോധന നടത്തും. ഒരുമേശയ്ക്ക് ഇരുവശവും അകലം പാലിച്ച് രണ്ടുപേരെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ, ഭക്ഷണം പങ്കുവച്ച് കഴിക്കാന്‍ അനുവദിക്കില്ല, വെയ്റ്റര്‍മാര്‍ മാസ്‌കും കയ്യുറയും ധരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.