സ്വവര്‍ഗാനുരാഗികള്‍ ദൈവത്തിന്റെ മക്കള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വവര്‍ഗ പങ്കാളികളെ പിന്തുണയ്ക്കുന്ന നിലപാട് തുറന്നുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. അടുത്തിടെ പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം. സ്വവര്‍ഗാനുരാഗികള്‍ക്ക് കുടുംബമായി കഴിയാന്‍ അവകാശമുണ്ടെന്നും അവരും ദൈവത്തിന്റെ മക്കളാണെന്നും മാര്‍പാപ്പ പറയുന്നു. നിയമപരമായി അവര്‍ക്ക് ഒന്നിച്ചുകഴിയാനുളള അവസരം ഉണ്ടാക്കി കൊടുക്കണം മാര്‍പാപ്പ കൂട്ടിച്ചേര്‍ക്കുന്നു.
ഇന്നലെ റോമില്‍ നടന്ന ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ഫ്രാന്‍സെസ്‌കോ എന്ന ഡോക്യുമെന്ററിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ചുമതല ഏറ്റെടുത്ത കാലം മുതല്‍ സ്വവര്‍ഗാനുരാഗികളുടെ കാര്യത്തില്‍ സഹിഷ്ണുതയോടെയുള്ള നിലപാട് സ്വീകരിച്ചുപോന്ന മാര്‍പാപ്പയുടെ പരാമര്‍ശം സഭയുടെ നിലപാടില്‍തന്നെ മാറ്റം വരുന്നുവെന്ന സൂചന നല്‍കുന്നതാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്യൂനസ് ഐറിസിൽ ആർച്ച്ബിഷപ്പായിരുന്നപ്പോൾ അദ്ദേഹം സ്വവർഗാനുരാഗികളുടെ അവകാശങ്ങളെ അനുകൂലിച്ചിരുന്നു.
സ്വവർഗാനുരാഗത്തിന്റെ പേരിൽ പുറത്താക്കപ്പെട്ട ചിലിയിലെ പുരോഹിതൻ യുവാൻ കാർലോസ് ക്രൂസാണ് ഡോക്യുമെന്ററിയിലെ പ്രധാന കഥാപാത്രം. സ്വവർഗാനുരാഗത്തോടും സ്വവർഗവിവാഹത്തോടുമുള്ള ഫ്രാൻസിസ് പാപ്പയുടെ നിലപാടുകൾ ക്രൂസിന്റെ കൊച്ചു കൊച്ചു കഥകളിലൂടെ ഡോക്യുമെന്ററി വ്യക്തമാക്കുന്നു. വത്തിക്കാനുമായി അടുത്ത ബന്ധമുള്ള റഷ്യൻ വംശജനായ ഇവ്ജനി അഫിനീവ്സ്കിയാണ് ഡോക്യുമെന്ററിയുടെ സംവിധായകൻ.