ഇനി മുതല്‍ കേസ് തെളിയും വരെ കുറ്റാരോപിതന്റെ പേര് വെളിപ്പെടുത്താന്‍ പാടില്ല; പരിഷ്‌കാരം ബലാത്സംഗ കേസുകളില്‍
ബലാത്സംഗ കേസില്‍ പുതിയ ശുപാര്‍ശയുമായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ബലാത്സംഗക്കേസുകളില്‍ ആരോപണവിധേയരായവരുടെ പേരു വിവരങ്ങള്‍ അവര്‍ കുറ്റക്കാരാണെന്നു തെളിയും വരെ വെളിപ്പെടുത്താന്‍ പാടില്ലെന്നാണ് കമ്മീഷന്റെ ശുപാര്‍ശ.
കള്ളക്കേസുകളില്‍ പെടുത്തുന്നതില്‍നിന്നു സംരക്ഷണം ലഭിക്കുന്നതിനു വേണ്ടിയാണിത്. ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്കെതിരെ കടുത്ത നടപടി എടുക്കണമെന്നു പൊതുവികാരം ഉയരുന്ന സമയത്താണ് കമ്മിഷന്‍ ഇത്തരത്തിലൊരു ശുപാര്‍ശ നടത്തിയിരിക്കുന്നത്.
ബലാത്സംഗത്തിന് ഇരയാകുന്നവരുടെ പേരുവിവരം വെളിപ്പെടുത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. അതുപോലെ തന്നെ തെറ്റായ ആരോപണങ്ങളില്‍നിന്ന് പ്രതികള്‍ക്കും സംരക്ഷണം നല്‍കേണ്ടത് അനിവാര്യമാണെന്നും മനുഷ്യാവകാശ കമ്മിഷനും സെന്റര്‍ ഫോര്‍ വിമന്‍സ് ഡെവലപ്മെന്റ് സ്റ്റഡീസും നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്തതും ആയവരുമായ എഴുപതോളം കുറ്റവാളികളുമായി അഭിമുഖം നടത്തിയ ശേഷമാണ് പഠനറിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
കുറ്റാരോപിതര്‍, പ്രത്യേകിച്ച പ്രായപൂര്‍ത്തിയാകാത്തവര്‍ പിന്നീട് നിരപരാധികളാണെന്നു തെളിയുമ്പോള്‍ അവരുടെ ജീവിതം തന്നെ മാറിമറിഞ്ഞിട്ടുണ്ടാകുമെന്നും കമ്മീഷന്‍ പറയുന്നു.