NEWS

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം: അദാനി ഗ്രൂപ്പിനെതിരായ സർക്കാർ ഹർജി തള്ളി

കൊച്ചി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി. കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാറും കെ എസ് ഐ ഡി സിയും മറ്റും സമർപ്പിച്ച ഹർജികൾ ജസ്റ്റിസുമാരായ കെ.വിനോദ ചന്ദ്രനും ടി.ആർ രവിയും അടങ്ങുന്ന ബെഞ്ചാണ് തളളിയത്.

വിമാനത്താവള നടത്തിപ്പിന് കൈമാറാനുളള നടപടി നയപരമായ തീരുമാനമാണെന്നും കേന്ദ്രമന്ത്രിസഭയുടെ അനുമതിയോടെയാണെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം കോടതി അംഗീകരിച്ചു. ഉയർന്ന തുക ക്വോട്ട് ചെയ്തവർക്ക് ടെൻഡർ നൽകില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടി സർക്കാർ ആണ് പൂർത്തിയാക്കിയത് എന്നതിനാൽ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാൻ സാധ്യമല്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

ടെൻഡർ നടപടിയുമായി സഹകരിച്ച ശേഷം പിന്നീട് തെറ്റാണെന്നു പറയുന്നതും ന്യായീകരിക്കാൻ ആകില്ല. ഒരു എയർപോർട്ടിന്റെ ലാഭം മറ്റൊരു എയർപോർട്ടിലേക്ക് ഉപയോഗിക്കാൻ പറ്റില്ലെന്ന സർക്കാർ വാദവും ശരിയല്ല. ലേല നടപടികൾ അദാനിക്ക് വേണ്ടി മാത്രമുണ്ടാക്കിയത് ആണെന്ന സർക്കാർ വാദവും കോടതി തള്ളി. സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയത് സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്നും ഉയർന്ന തുക ക്വോട്ട് ചെയ്യാൻ കഴിയാതിരുന്നത് യാത്രക്കാരുടെ താൽപര്യം കണക്കിലെടുത്താണെന്നുമായിരുന്നു സർക്കാർ വാദം. മത്സരാധിഷ്ഠിത ടെൻഡറിൽ പങ്കെടുക്കാനാവുമായിരുന്നില്ലെന്നും സർക്കാർ ബോധിപ്പിച്ചു. അദാനി ക്വോട്ട് ചെയ്ത യാത്രക്കാരൻ ഒന്നിന് 168 രൂപ എന്ന നിരക്ക് നൽകാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടും സംസ്ഥാനത്തെ അവഗണിച്ചു വെന്നും സർക്കാർ ബോധിപ്പിച്ചു.

വിമാനത്താവളം അദാനിക്ക് കൈമാറ്റയതിനെതിരായ ഹർജി ഹൈകോടതി നേരത്തെ തള്ളിയിരുന്നു. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് ഹൈകോടതി തന്നെ വീണ്ടും കേൾക്കാൻ സുപ്രീം കോടതി നിർദ്ദേശിക്കുകയായിരുന്നു.

Back to top button
error: