NEWS

ഇറക്കുമതി ചെയ്ത ഭക്ഷണ പായ്ക്കറ്റിനു മുകളില്‍ കൊറോണ വൈറസ്; ആശങ്കയോടെ ചൈന

ലോകമെമ്പാടും കൊറോണ വൈറസിനെ തുരത്താനുളള വാക്‌സിന്‍ പരീക്ഷണങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ ഇപ്പോഴിതാ ചൈനയില്‍ നിന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്.

ഇറക്കുമതി ചെയ്ത ഭക്ഷണ പായ്ക്കറ്റിനു മുകളില്‍ സജീവമായ കൊറോണ വൈറസിനെ കണ്ടെത്തിയെന്നാണ് ചൈനീസ് ആരോഗ്യവകുപ്പ്പറയുന്നത്. ക്വിങ്‌ഡോയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ഇറക്കുമതി ചെയ്ത ശീതീകരിച്ച മത്സ്യപായ്ക്കറ്റിനു മുകളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

നഗരത്തിലുണ്ടായ അണുബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍.

ലോകത്ത് ഇത് ആദ്യമായാണ് തണുത്ത ഭക്ഷണത്തിന്റെ പായ്ക്കറ്റിനു മുകളില്‍ സജീവമായ കൊറോണ വൈറസിനെ കണ്ടെത്തുന്നതെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ പറഞ്ഞു. വൈറസിന്റെ സാന്നിധ്യമുള്ള പായ്ക്കറ്റുമായി സമ്പര്‍ക്കത്തില്‍ വരുന്നത് രോഗവ്യാപനത്തിലേക്ക് നയിക്കുമെന്ന് സിഡിസി അറിയിച്ചു. എന്നാല്‍ ഭക്ഷണ പായ്ക്കറ്റ് എവിടെനിന്നാണ് എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, കഴിഞ്ഞ ദിവസം ക്വിങ്‌ഡോയില്‍ പുതിയ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് 11 ദശലക്ഷം ആളുകളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ പുതിയ ക്ലസ്റ്ററുകള്‍ ഒന്നുംതന്നെ കണ്ടെത്തിയില്ലെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു.

Back to top button
error: