ജോസ് കെ മാണിയും ഇടതു പക്ഷവും പിന്നെ കുറേ സീറ്റുകളും
കേരളം ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യുന്ന പേരുകളിലൊന്നാണ് ജോസ് കെ മാണിയുടേത്. പാലായിലെ വീട്ടില്‍ നിന്നും എ.കെ.ജി സെന്ററിലേക്കുള്ള മാണി പുത്രന്റെ യാത്ര തെല്ലു കൗതുകത്തോടെയാണ് സാധാരണക്കാരായ ജനങ്ങള്‍ നോക്കി കണ്ടത്. മാണി സാറിന്റെ പേരു കളഞ്ഞവന്‍, യൂദാസ്, വര്‍ഗ്ഗ വഞ്ചകന്‍ തുടങ്ങിയ വിശേഷണങ്ങളിലാണ് ഒരു വിഭാഗം ജോസ് കെ മാണിയെ ഇപ്പോള്‍ അഭിസംബോധന ചെയ്യുന്നത്.
ഒരു സുപ്രഭാതത്തില്‍ ജോസ് കെ മാണിയെ എന്നാലിനി കൂടെ നിര്‍ത്തിയേക്കാം എന്ന് പെട്ടെന്ന് ബോധേദയം ഉണ്ടായവരല്ല ഇടതുപക്ഷക്കാര്‍. ഏറ്റവും താഴെ തട്ട് മുതല്‍ അന്വേഷിച്ച് വിജയസാധ്യതയും സ്വീകാര്യതയുമടക്കം മനസിലാക്കിയിട്ടാണ് ജോസ് കെ മാണിക്ക് നേരെ പച്ചക്കൊടി വീശിയത്. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി തന്നെ കണ്ടപ്പോള്‍ 10 ദിവസത്തെ സമയമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നത്. 10 ദിവസം കൊണ്ട് എല്ലാ തലത്തിലും ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് കൊടിയേരി സമ്മതം മൂളിയത്. അങ്ങനെ പാലായിലെ പുത്രന്‍ ചെങ്കൊടിയേന്തുമെന്ന് കഴിഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ക്ക് ഏകദേശം തീരുമാനവുമായി. ജോസ് കെ മാണിയുടെ പ്രവേശനം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. 12 സീറ്റുകള്‍ ജോസ് കെ മാണിക്ക് നല്‍കുമെന്ന് ഏകദേശം ധാരണയും ആയിട്ടുണ്ട്. സീറ്റാണ് മുഖ്യം ബിഗിലേ…. ഏതൊക്കെ ആര്‍ക്കൊക്കെ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ആരും പറയുന്നില്ല. സീറ്റ് പ്രഖ്യാനത്തില്‍ ചില്ലറ പൊട്ടലും ചീറ്റലും ഉണ്ടാകുമെന്നുറപ്പാണ്
ജോസ് കെ മാണി ഇടത്തേക്ക് അടുത്തപ്പോള്‍ പാലാ ആര്‍ക്ക് എന്നത് സുപ്രധാനമായ ചോദ്യമാണ്. എന്‍.സി.പി യുടെ സിറ്റിങ് സീറ്റാണ് പാലാ. ജോസ് കെ മാണിക്ക് പാലാ നല്‍കിയാല്‍ മാണി സി കാപ്പന്‍ ഉടക്കും. പകരം എന്തു മോഹനവാഗ്ദാനത്തില്‍ കാപ്പനെ തളയ്ക്കും എന്നത് ഇടതു പക്ഷത്തിന് വെല്ലുവിളിയാണ്. കാഞ്ഞിരപ്പള്ളിയുടേയും സ്ഥിതി വ്യത്യസ്തമല്ല. ജയരാജ് മത്സരിക്കുന്ന സീറ്റ് സിപിഐ യുടെ സീറ്റാണ്. ഇവിടെ സിപിഐ വിട്ടു വീഴ്ചയ്ക്ക് തയ്യാറാകേണ്ടി വരുമെന്നാണ് സൂചന. മധ്യകേരളത്തില്‍ യുഡിഎഫി നെ തകര്‍ക്കാന്‍ ജോസിന് കഴിയുമെന്ന് പ്രതീക്ഷയിലാണ് ഇത്തരം നീക്കങ്ങളെല്ലാം നടക്കുന്നത.് തിരുവല്ല ജോസ് കെ മാണി ആവശ്യപ്പെട്ടാലും അവിടുത്തെ സ്ഥിര ഇടതു മുഖമായ മാത്യു ടി തോമസിനെ മാറ്റുക പരിഗണനയില്‍ ഉണ്ടാവാന്‍ സാധ്യതയില്ലാത്ത കാര്യമാണ്. പകരം സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പത്തനംതിട്ടയില്‍ ജോസിന് നല്‍കും.
ഇരിങ്ങാലക്കുട കേരള കോണ്‍ഗ്രസ്സ് മത്സരിക്കുന്ന സീറ്റാണ്. തോമസ് ഉണ്ണിയാടന്‍ കഴിഞ്ഞ തവണ പരാജയപ്പെട്ട സീറ്റ് സിപിഎം വിട്ടു നല്‍കില്ല. പകരം ചാലക്കുടി നല്‍കുമെന്നാണ് വാഗ്ദാനം. ഇതിനൊപ്പം കുറ്റ്യാടിയോ പേരമ്പ്രയോ കൂടി ജോസ് പക്ഷത്തിന് നല്‍കും. പേരാമ്പ്രയില്‍ നിന്നുള്ള എംഎല്‍എ ടി.പി രാമകൃഷ്ണനാണ്. ആരോഗ്യ പ്രശ്‌നങ്ങളാല്‍ അദ്ദേഹം അടുത്ത തവണയുണ്ടാകില്ല എന്ന കണക്ക് കൂട്ടലിലാണ് ഈ തീരുമാനം.
ജോസ് കെ മാണി ഇടതു പക്ഷത്തേക്ക് വരാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ എല്ലാ ജില്ലാ കമ്മിറ്റികളോടും അവരുടെ സ്വാധീനത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തരാന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനവും തുടര്‍ന്നുള്ള സീറ്റ് വിഭജനവും. കോട്ടയവും പത്തനംതിട്ടയും ഇടുക്കിയും എറണാകുളവും ജോസ് കെ മാണിയെ പൂര്‍വ്വാധികം പിന്തുണയ്ക്കുന്ന റിപ്പോര്‍ട്ടായിരുന്നു നല്‍കിയത്. ജോസ് കെ മാണിയും കൂട്ടരും ഇടതു പക്ഷത്തേക്ക് ചേര്‍ന്നു നിന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും വലിയ വിജയ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. എല്ലാ ഏരിയ കമ്മിറ്റകളില്‍ നിന്നും സിപിഎം വിവരശേഖരണം നടത്തിയിരുന്നു. 15 സീറ്റുകളില്‍ വരെ ജയപരാജയ സാധ്യത നിര്‍ണയിക്കാന്‍ ജോസ് പക്ഷം കൂടെയുണ്ടെങ്കില്‍ കഴിയുമെന്ന് ഇടതുപക്ഷം വായിച്ചെടുത്തു. മധ്യകേരളത്തില്‍ വമ്പിച്ച മുന്നേറ്റമാണ് ജോസ് കെ മാണിയുടെ കൂടിച്ചേരലിലൂടെ സാധ്യമാവുകയെന്നാണ് ഇടതു പക്ഷത്തിന്റെ ശുഭപ്രതീക്ഷ