NEWS

അഴിമതിയുടെ പ്രഭവ കേന്ദ്രം ക്ളിഫ് ഹൗസ്: രമേശ് ചെന്നിത്തല

തിരുവനന്തപുരം:   മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ളിഫ്  ഹൗസിലെ ക്യമറകള്‍ ഇടിവെട്ടിപ്പോയതല്ലന്നും തെളിവുകള്‍ ഇല്ലാതാക്കാന്‍ നശിപ്പിച്ചതാണെന്നും  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  അഴിമതിയുടെ പ്രഭവ  കേന്ദ്രം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി തന്നെയാണ്. ആറ് തവണ എന്തിനാണ് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടത്്. എല്ലാത്തിനും ശിവശങ്കരനെ ബന്ധപ്പെടാനാണ് അദ്ദേഹം പറഞ്ഞത്്.  ഇപ്പോള്‍ നടക്കുന്ന കേസുകളുടെയെല്ലാം അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയിലേക്കാണ്.   സംസ്ഥാനത്തുണ്ടായ എല്ലാ ദുരന്തങ്ങളും  അഴിമതി നടത്താനുളളമാര്‍ഗമായി ഈ സര്‍ക്കാര്‍ മാറ്റി  തീര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.   ജനങ്ങളോട് കള്ളം പറഞ്ഞ മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട്് യു ഡി എഫ് നടത്തുന്ന സംസ്ഥാന വ്യാപക പ്രക്ഷോഭമായ സ്പീക്ക് അപ്പ് കേരളയുടെ നാലാംഘട്ടമായ സത്യാഗ്രഹ സമരം  സെക്രട്ടറിയേറ്റിന് നടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.    വെള്ളപ്പൊക്കത്തില്‍   വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായം ചെയ്യാന്‍ യു എ ഇ കോണ്‍സുലേറ്റ്  തിരുമാനിച്ചപ്പോള്‍ അതിലും വന്‍ തുക കമ്മീഷനായി അടിച്ചുമാറ്റി. മന്ത്രി കെടി ജലീലില്‍ ജലീല്‍ നടത്തിയത് നഗ്നമായ പ്രോട്ടോക്കോള്‍ ലംഘനമാണ്.   ആ ജലീലിനെ മുഖ്യമന്ത്രി  സംരക്ഷിക്കുകയാണ്. കാരണം ജലീലില്‍  പുറത്തേക്ക് പോയാല്‍  കൂടുതല്‍ സത്യങ്ങള്‍ വെളിപ്പെടുമെന്ന് മുഖ്യമന്ത്രി ഭയക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തൊട്ടതിനും പിടിച്ചതിനും  കമ്മീഷന്‍  വാങ്ങുന്ന സര്‍ക്കാരും   പാര്‍ട്ടിയുമാണ് ഇവിടെയുള്ളത്.

ഒരു അടിസ്ഥാനവുമില്ലാതെ വെറുതെ പദ്ധതികള്‍  പ്രഖ്യാപിക്കുകയും ,  ഉദ്ഘാടനങ്ങള്‍ നടത്തി ജനങ്ങളെ പറ്റിക്കുകയുമാണ്  സര്‍ക്കാര്‍ ചെയ്യുന്നത്.  യാതൊരു പരിസ്ഥിതി ആഘാത  പഠനവും   നടത്താതെ, വിശദമായ  പദ്ധതിരേഖകള്‍ ഇല്ലാതെ    തുരങ്കപ്പാത പോലുള്ള  പദ്ധതികള്‍  പ്രഖ്യാപിക്കുകയും,  നിര്‍മാണോദ്ഘാടനം നടത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.   കല്ല്  കിട്ടാന്‍ ക്ഷാമമായത് കൊണ്ട് പേപ്പര്‍  ഒട്ടിച്ചാണ് പലയിടുത്തും ഈ സര്‍ക്കാര്‍ ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തുന്നതെന്നും രമേശ് ചെന്നിത്തല   പരഹസിച്ചു.
സര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്കായി കോടിക്കണക്കിന്  രൂപയാണ് ഖജനാവില്‍ നിന്ന് ദുര്‍വ്യയം ചെയ്യുന്നത്.  ഇതെല്ലാം  ജനങ്ങള്‍ കണ്ട് കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും ഓര്‍ക്കണം.ആയിരം പേര്‍ സംസ്ഥാനത്ത് കൊറോണ വന്ന് മരിച്ചു.  കൊറോണ  ബാധിതരായവരെ  പരിചരിക്കാന്‍ പോലും  ആളില്ലാത്ത അവസ്ഥയാണിപ്പോള്‍.   സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ പുഴുവരിക്കുകയാണ്.
സര്‍ക്കാര്‍ പോകുമെന്നായപ്പോള്‍ അവസാനത്തെ കടും വെട്ടാണ് ഇപ്പോള്‍ നടക്കുന്നത്.   അമ്പതിനായിരം പേര്‍ക്ക് നൂറു ദിവസം കൊണ്ട് ജോലി കൊടുക്കുമെന്ന് പറഞ്ഞു. ഇപ്പോള്‍ സഹകരണ ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കുമ്പോള്‍  അമ്പത് പേര്‍ക്ക് തൊഴില്‍ ലഭിച്ചുവെന്നാണ്  അവിടെ എഴുതി വയ്കുന്നത്. ശരിക്കും ജനങ്ങളെ കബളിപ്പിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. നഷ്ടത്തിലോടുന്ന  പൊതുമേഖലാ സ്ഥാപനങ്ങളില്‍   കരാര്‍ വ്യവസ്ഥയില്‍  വീണ്ടും ആളുകളെ നിയമിക്കുകയാണെന്നും  രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.  കെ എസ് ഇ ബിയില്‍ ആറായിരം  ജീവനക്കാര്‍ കൂടുതലാണ്. അവിടെ കുടംബശ്രീയില്‍ നിന്ന്്  പതിനായിരം പേരെ നിയമിക്കുകയാണ് ഈ സര്‍ക്കാര്‍. പറയാന്‍ ഒന്നുമില്ലാത്തത് കൊണ്ടും, പലതിനും ഉത്തരമില്ലാത്തത് കൊണ്ടും വൈകീട്ട് നടത്തുന്ന പത്ര സമ്മേളവും ഇപ്പോള്‍ മുഖ്യമന്ത്രി ഉപേക്ഷിച്ചിരിക്കുകയാണ്്. ഈ ജനിവിരുദ്ധ സര്‍ക്കാരിനെതിരെയുള്ള അന്തിമ പോരാട്ടത്തിനാണ്  യു ഡി എഫ് തെയ്യാറെടുക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍, സി  എം പി നേതാവ് സി പി  ജോണ്‍, വി എസ്  ശിവകുമാര്‍ എം എല്‍ എ എന്നിവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് നടത്തിയ സത്യാഗ്രഹത്തില്‍ പങ്കെടുത്തു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker