NEWS

ഡോണയുടെ മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപ കൈമാറി

തിരുവനന്തപുരം: തൃശൂര്‍ അന്തിക്കാട് കോവിഡ് ഡ്യൂട്ടിക്കിടെ കനിവ് 108 ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ഡോണ ടി വര്‍ഗീസിന്റെ (24) മാതാപിതാക്കള്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ 10 ലക്ഷം രൂപ കൈമാറി. കനിവ് 108 ആംബുലന്‍സ് നടത്തിപ്പുകാരായ ജി.വി.കെ ഇ.എം.ആര്‍.ഐയുടെ ജീവനകാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നുള്ള 10 ലക്ഷം രൂപയാണ് ഡോണയുടെ മാതാപിതാക്കളായ വര്‍ഗീസ്, റോസകുട്ടി എന്നിവര്‍ക്ക് മന്ത്രി കൈമാറിയത്. ജി.വി.കെ ഇ.എം.ആര്‍.ഐ സംസ്ഥാന ഓപ്പറേഷന്‍സ് മേധാവി ശരവണന്‍ അരുണാചലം, ഗിരീഷ് ജി നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

ജനറല്‍ നഴ്‌സിംഗും പോസ്റ്റ് ബേസിക് പഠനവും പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ഫെബ്രുവരി 24നാണ് തൃശൂര്‍ പെരിങ്ങോട്ടുകര കിഴക്കുമുറി താണിക്കല്‍ ചെമ്മന്നത്ത് വീട്ടില്‍ ഡോണ കനിവ് 108 ആംബുലന്‍സിന്റെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ ആയി ജോലിയില്‍ പ്രവേശിച്ചത്. തൃപ്രയാര്‍, വേലൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആംബുലന്‍സ് സേവനങ്ങള്‍ക്ക് ശേഷമാണ് ഏപ്രില്‍ 15ന് അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള 108 ആംബുലന്‍സില്‍ ജോലിയില്‍ പ്രവേശിച്ചത്. കോവിഡുമായി ബന്ധപ്പെട്ട് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ കൃത്യനിഷ്ഠയോടെയും അര്‍പ്പണ മനോഭാവത്തോടെയും ഡോണ പ്രവര്‍ത്തിച്ചിരുന്നു.

ഇക്കഴിഞ്ഞ മേയ് നാലിനാണ് അത്യാഹിതത്തില്‍പ്പെട്ട മറ്റൊരാളെ രക്ഷിക്കാന്‍ പോകുന്നതിനിടെ നിയന്ത്രംവിട്ട ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്ക് പറ്റിയ ഡോണയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരണശേഷം കോവിഡ് മുന്‍നിര പോരാളികള്‍ക്കായുള്ള 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഡോണയുടെ കുടുംബത്തിന് ലഭ്യമാക്കിയിരുന്നു. ഇതുകൂടാതെയാണ് ഇപ്പോള്‍ 10 ലക്ഷം രൂപ കൂടി ലഭ്യമാക്കിയത്.

Back to top button
error: