NEWS

രാഷ്ട്രീയ അനുഭവങ്ങളിലൂടെ കടന്നു പോകാതെ പ്രധാനമന്ത്രിയാകില്ല എന്ന് ശഠിക്കുന്ന രാഷ്ട്രീയക്കാരൻ ആകുന്നു രാഹുൽ ഗാന്ധി-വിശകലനം-ദേവീദാസൻ

രാഹുൽ സ്വയം വീണ്ടെടുക്കുന്നു .ചിലപ്പോഴെങ്കിലും ചായക്കട ചർച്ചകളിൽ ഉയരുന്ന ഒരു വിഷയമാണിത് .പലപ്പോഴും നെറ്റിചുളിച്ച് പലരും ചോദിക്കും ഒരാൾ എത്ര തവണ വീണ്ടെടുക്കും ?ചോദ്യം ചോദിക്കുന്നവർ സംഘ്പരിവാറുകാർ അല്ല .വേണമെങ്കിൽ ആശയപരമായി കോൺഗ്രസിനോട് ചേർന്ന് നിൽക്കുന്നവർ എന്ന് പറയാം .എല്ലാവർക്കും ഒന്നാണ് ചോദിക്കാൻ ഉള്ളത് ,രാഹുൽ പോരാട്ടം തുടരുമോ അതോ അപ്രത്യക്ഷനാകുമോ ?

ഹത്രാസിലേക്കുള്ള രാഹുലിന്റെയും പ്രിയങ്കയുടെയും യാത്ര ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ വഴിത്തിരിവാകുമോ എന്നാണ് പലരും ചോദിക്കുന്നത് .അതെ ചോദ്യം രാഹുലിന്റെ സ്ഥിരതയെ കുറിച്ചും ഉന്നയിക്കുന്നുണ്ട് .എന്നാൽ രാഹുൽ കടന്നു വന്ന വഴിത്താര ശ്രദ്ധിച്ചാൽ ഒന്നുറപ്പാണ് .പ്രതിച്ഛായ രാഷ്ട്രീയത്തിന്റെ തടവുകാരനല്ല നെഹ്‌റു കുടുംബത്തിന്റെ ഇളമുറക്കാരൻ .മാത്രമല്ല കോൺഗ്രസിൽ നിന്ന് സ്ഥിരതയോടെ സംഘപരിവാർ രാഷ്ട്രീയത്തെ എതിർക്കുന്ന മറ്റൊരാൾ ഇല്ല തന്നെ .

ഇങ്ങിനെ പൊതുവിചാരണക്കും ചുഴിഞ്ഞു നോട്ടത്തിനും വിധേയനായ ഒരു ദേശീയ നേതാവുണ്ടോ ?ഇല്ലെന്നാണ് തോന്നുന്നത് .നെഹ്‌റു – ഗാന്ധി കുടുംബത്തിൽ ഇത്രയധികം പരിഹാസത്തിനു വിധേയനായ നേതാവുമില്ല .തന്റെ പൂർവികരെ പോലെ ഭാഗ്യവാൻ അല്ല രാഹുൽ ഇക്കാര്യത്തിൽ .

ദേശീയ പ്രതിച്ഛായയുള്ള പേര് കേട്ട അഭിഭാഷകൻ ആയിരുന്നു മോത്തിലാൽ നെഹ്‌റു .രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ ആ പേര് മോത്തിലാലിനു കൂട്ടായി .അദ്ദേഹത്തിന്റെ മകൻ ജവഹർലാൽ നെഹ്രുവിനും രാഷ്ട്രീയ പ്രവേശനം എളുപ്പമായിരുന്നു .രാഷ്ട്രീയത്തിൽ ഇറങ്ങിയതിനു പിന്നാലെ ഗാന്ധിജി അദ്ദേഹത്തെ ഏറ്റെടുക്കുകയും ചെയ്തു .

1929 ൽ കോൺഗ്രസ് അധ്യക്ഷ പദവി അച്ഛനിൽ നിന്ന് മകനിലേയ്ക്ക് കൈമാറ്റം ചെയ്തപ്പോൾ ആരും അതിനെ മക്കൾ രാഷ്ട്രീയം എന്നുവിളിച്ചില്ല .സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ തലയെടുപ്പുള്ള നേതാവായി ജവാഹർലാൽ നെഹ്‌റു .എന്തിനു ഭഗത് സിങ് പോലും ജവഹർലാൽ നെഹ്‌റുവിനെ പിന്തുടരണോ സുഭാഷ് ചന്ദ്ര ബോസിനെ പിന്തുടരണോ എന്ന ചോദ്യത്തിന് നെഹ്‌റു എന്നാണ് മറുപടി നൽകിയത് .

1950 കളുടെ അവസാനത്തിൽ തന്നെ കോൺഗ്രസ് അധ്യക്ഷ ആയെങ്കിലും അച്ഛന്റെ നിഴലിൽ ആയിരുന്നു ഇന്ദിര കുറെ കാലം .”പാവക്കുട്ടി” എന്നാണ് എതിരാളി റാം മനോഹർ ലോഹ്യ ഇന്ദിരയെ വിശേഷിപ്പിച്ചത് .”പക്വത ഇല്ലാത്ത പെൺകുട്ടി” എന്നാണ് മൊറാർജി ദേശായ് വിശേഷിപ്പിച്ചത് .വെറും രണ്ടു വര്ഷം കൊണ്ട് ഇന്ദിര ഇതിനെയെല്ലാം മറികടന്നു .പിന്നീടെല്ലാം ചരിത്രം .

എന്തെങ്കിലും തെളിയിക്കേണ്ട ആവശ്യം സഞ്ജയ് ഗാന്ധിയ്ക്കും രാജീവ് ഗാന്ധിയ്ക്കും ഉണ്ടായിരുന്നില്ല .ഇന്ദിരയ്‌ക്കൊപ്പം ശക്തനായിരുന്നു സഞ്ജയ് .സഞ്ജയിന്റെ വിയോഗത്തിന് ശേഷം ഇന്ദിര രാജീവിനെ തന്റെ ചിറകിനടിയിലാക്കി .ഇന്ദിരയുടെ ദാരുണാന്ത്യത്തെ തുടർന്ന് രാജീവ് പ്രധാനമന്ത്രി പദത്തിലേക്കുള്ള സ്വാഭാവിക തെരഞ്ഞെടുപ്പ് ആയപ്പോഴും ആരും മുഖം കറുപ്പിച്ചില്ല .

രാജീവിന്റെ മരണത്തിനു ശേഷം രാഷ്ട്രീയത്തിൽ നിന്ന് ഒളിച്ചോടാൻ ആണ് സോണിയ ശ്രമിച്ചത് .എന്നാൽ അത് നടന്നില്ല .സോണിയ കോൺഗ്രസിനെ നയിക്കേണ്ടി വന്നു .വിദേശ പൗരത്വ പ്രശ്നം ഉയർത്തി പവാറും സാംഗ്മയും അൻവറും കലാപക്കൊടി ഉയർത്തിയെങ്കിലും പാർട്ടിക്കുള്ളിൽ പിന്തുണ നേടി എടുക്കാൻ അവർക്കായില്ല .

രാഷ്ട്രീയത്തിലിറങ്ങിയത് മുതൽ നെഹ്‌റു -ഗാന്ധി കുടുംബത്തിന്റെ പ്രതിച്ഛായ തിളക്കം രാഹുലിനുണ്ടായിരുന്നില്ല .ഒരുവേള അതെടുത്ത് അണിയാൻ അദ്ദേഹം ആഗ്രഹിച്ചില്ലെന്നു വേണം കരുതാൻ .രാഷ്ട്രീയത്തിന്റെ സ്ഥാപിത നിയമങ്ങളെ അദ്ദേഹം മാറ്റിയെഴുതി .അതിനു വലിയ വിലയും അദ്ദേഹം കൊടുക്കേണ്ടി വന്നു .

രാഷ്ട്രീയത്തിലേക്ക് രാഹുലിന് എളുപ്പ വഴി ഉണ്ടായിരുന്നു .എന്നാൽ അദ്ദേഹം ആ വഴി തെരഞ്ഞെടുത്തില്ല . അദ്ദേഹം തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു .സാധാരണ എംപിയായി .കോൺഗ്രസ് അധ്യക്ഷൻ ആകുന്നതിനു മുമ്പ് ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡണ്ടുമായി .ഒരു കാര്യം മറക്കരുത് ,2004 മുതൽ 2014 വരെ കോൺഗ്രസ് ആയിരുന്നു അധികാരത്തിൽ .നെഹ്‌റു – ഗാന്ധി കുടുംബത്തിലെ ആരുമായിരുന്നില്ല പ്രധാനമന്ത്രി .മൻമോഹൻ സിങ്ങാണ് സർക്കാരിനെ നയിച്ചത് .

രാഹുൽ ഗാന്ധി സർക്കാരിനെ നയിക്കണമെന്നു പലപ്പോഴായി ആവശ്യം ഉയർന്നു .2009 ൽ അത് മൂർദ്ധന്യത്തിൽ എത്തുകയും ചെയ്തു .എന്നാൽ മറിച്ചായിരുന്നു രാഹുലിന്റെ തീരുമാനം .അന്ന് പ്രധാനമന്ത്രി പദം ഏറ്റെടുത്തിരുന്നെങ്കിൽ ചരിത്രം മാറിമറയില്ലായിരുന്നു എന്നാരു കണ്ടു .ഡോ .മൻമോഹൻ സിംഗിനെ മൻമോഹൻ സിംഗാക്കിയത് പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് .അത് വരെ ആരും അങ്ങിനെയൊന്നും ബഹുമാനിക്കാൻ മെനക്കെടാത്ത മൻമോഹൻ സിങ് ഇന്ന് രാജ്യം ആദരിക്കുന്ന വ്യക്തിയാണ് .അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്ക് രാജ്യം വലിയ വില കൊടുക്കുന്നുണ്ട് താനും .

പാർട്ടിയെ നയിക്കാനുള്ള 2014 ലെ രാഹുലിന്റെ തീരുമാനം ഒരുപക്ഷെ വലിയ തെറ്റായിരിക്കാം .താൻ ചെയ്യാത്ത തെറ്റിന് അദ്ദേഹം വലിയ വില കൊടുക്കേണ്ടി വന്നു .മൻമോഹൻ സർക്കാരിന്റെ വീഴ്ചകൾക്ക് മറുപടി പറയേണ്ടി വന്നത് രാഹുലിനാണ് .സർക്കാർ അഴിമതി ആരോപണങ്ങളിൽ മുങ്ങിയിരുന്നു .അണികൾ തളർന്നിരുന്നു .കോൺഗ്രസിന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതായി അണ്ണാ ഹസാരെയുടെ സമരം .രാഹുൽ ആയിരുന്നു കോൺഗ്രസിന്റെ പ്രതീകം .എല്ലാ കുറ്റങ്ങളും അദ്ദേഹം ഏറ്റുവാങ്ങേണ്ടി വന്നു .ആർഎസ്എസ് പിന്തുണയോടെ നരേന്ദ്ര മോഡി വന്നു .മാധ്യമങ്ങൾ അദ്ദേഹത്തിന് വഴിയൊരുക്കി .കോൺഗ്രസ് പരാജയത്തിന്റെ പടുകുഴിയിലായി .

2017 ൽ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷനായി .അതുവരെ ഹിന്ദുത്വവും സംഘപരിവാർ രാഷ്ട്രീയവുമൊക്കെ ഇടതു ബുദ്ധിജീവികളുടെ പാർശ്വവല്കൃത രാഷ്ട്രീയ ചർച്ചകളുടെ ഭാഗമായിരുന്നു .രാജ്യത്തിൻറെ രാഷ്ട്രീയ കാലാവസ്ഥ തന്നെ മാറിപ്പോയി .മുസ്ലീങ്ങളുടെ പാർട്ടിയായി കോൺഗ്രസിനെ ബിജെപി ബ്രാൻഡ് ചെയ്തു .കോൺഗ്രസിനെ ഒന്ന് മാറ്റിവരയ്ക്കാൻ രാഹുൽ ഒരു ശ്രമം നടത്തി .”വിദ്വേഷമില്ലാത്ത ഹിന്ദു “ആയി സ്വയം ചിത്രീകരിച്ചു .ഗുജറാത്തിലെ സർക്കാരിനെ നിലനിർത്താൻ മോദിയും അമിത് ഷായും ഓവർ ടൈം പണിയെടുക്കേണ്ടി വന്നു .കർണാടകയിൽ ബിജെപിയ്ക്ക് മാറിനിൽക്കേണ്ടി വന്നു .2018 ഡിസംബറിൽ മൂന്ന് സംസ്ഥാനങ്ങൾ കോൺഗ്രസ് പിടിച്ചെടുത്തു .

എന്നാൽ വിജയങ്ങളുടെ ഒന്നും ക്രെഡിറ്റ് രാഹുൽ ഗാന്ധിയ്ക്ക് ലഭ്യമായില്ല .അങ്ങിനെ അല്ലായിരുന്നു മാധ്യമ ചർച്ചകളും .2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടു .ഇത്തവണ അതിന്റെ കുറ്റം രാഹുൽ ഗാന്ധിയ്ക്കുമേൽ വന്നു .പുൽവാമ സ്ഫോടനം ഉണ്ടായിരുന്നില്ലെങ്കിൽ ബിജെപിയ്ക്ക് ഇത്രയും സീറ്റുകൾ ലഭിക്കുമോ എന്നത് വേറെ കാര്യം .

നരേന്ദ്രമോദി ശക്തനാണ് .ജനസമ്മിതിയുള്ള നേതാവാണ് .എന്നിട്ടും 39 % വോട്ട് നേടാൻ മാത്രമേ അദ്ദേഹത്തിന് കഴിഞ്ഞുള്ളു .കോൺഗ്രസ് ഭരിക്കുമ്പോൾ 40 % ൽ ഏറെ വോട്ടിന്റെ പിന്തുണ അനുഭവിച്ചിരുന്നു എന്നാണ് യാഥാർഥ്യം .പരാജയങ്ങൾക്ക് മോഡി വിമര്ശിക്കപ്പെട്ടില്ല .2004 ലും 2009 ലും ബിജെപി പരാജയപ്പെട്ടപ്പോൾ ആ പാർട്ടി തീർന്നു എന്ന് ആരും പറഞ്ഞില്ല .

രാഹുലിനെ വിമർശിക്കുന്നവർ ഒന്ന് മറക്കുന്നു .ഭാരതീയ ജനസംഘം അല്ലെങ്കിൽ ഭാരതീയ ജനത പാർട്ടിയ്ക്ക് അധികാരത്തിൽ വരാൻ 46 കൊല്ലം വേണ്ടി വന്നു എന്നത് .1925 മുതൽ പ്രവർത്തിക്കുന്ന ആർഎസ്എസിന്റെ ശക്തമായ പിന്തുണ ഉണ്ടായിട്ട് കൂടി ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു അവർക്ക് ഇന്ത്യ ഭരിക്കാൻ .

ഹത്രാസിലേക്കുള്ള യാത്രയിൽ രാഹുൽ ഗാന്ധിയെ ഒരു പോലീസുകാരൻ തള്ളിതാഴെയിട്ടു .എന്നാൽ രാഹുൽ ലക്‌ഷ്യം കൈവരിച്ചു .ഒരു പ്രതിപക്ഷ നേതാവ് കടന്നു പോകേണ്ട മധുരിതമല്ലാത്ത അവസ്ഥയിലൂടെ ആണ് രാഹുൽ ഗാന്ധി കടന്നു പോകുന്നത് .വീഴ്ചയിൽ നിന്ന് രാഹുൽ പാഠം പഠിക്കും എന്നാണ് ഹത്രാസ് യാത്ര തെളിയിക്കുന്നത് .അതിനടുത്ത ദിവസം രണ്ട് സംസ്ഥാനങ്ങളിൽ കർഷക റാലികൾക്ക് നേതൃത്വം നൽകുകയും ചെയ്തു അദ്ദേഹം .രാഹുൽ ഒളിച്ചോടുകയല്ല വീഴ്ചകളിൽ നിന്ന് പാഠം പഠിക്കുകയാണ് .രാഷ്ട്രീയ അനുഭവങ്ങളിലൂടെ കടന്നു പോകാതെ പ്രധാനമന്ത്രിയാകില്ല എന്ന് ശഠിക്കുന്ന രാഷ്ട്രീയക്കാരൻ ആകുന്നു രാഹുൽ ഗാന്ധി .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button