NEWS

കോവിഡ് രൂക്ഷം; നടപടികള്‍ കടുപ്പിക്കുന്നു,കടകളില്‍ ഗ്ലൗസ് ധരിച്ച് മാത്രം കയറുക

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. ഇന്ന് മുതല്‍ 144 വ്യാപകമായതിനാല്‍ മറ്റ് കര്‍ശന നടപിടികളിലേക്കും സര്‍ക്കാര്‍ നീങ്ങുകയാണ്.

കോവിഡ് ജാഗ്രത കര്‍ശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇല്ലെങ്കില്‍ കര്‍ശന നടപടി വരുമെന്നും പിഴ തുക കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പരിപാടികളിലും ഇരുപതിലധികം പേര്‍ പങ്കെടുക്കില്ല. കടകളില്‍ ഗ്ലൗസ് ധരിച്ച് മാത്രം കയറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഇന്ന് രാവിലെ 9 മണിമുതല്‍ 144 പ്രഖ്യാപനം പ്രാബല്യത്തില്‍ വന്നു. ഈ മാസം 31 വരെയാണ് കടുത്ത നിയന്ത്രണങ്ങല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കടകൾക്കും ബാങ്കുകൾക്കും മുന്നിൽ അഞ്ച് പേരിലധികം പേർ കൂട്ടം കൂടാൻ പാടില്ല. ആരാധനാലയങ്ങളിലും പൊതുചടങ്ങുകളിലും 20 ൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത്.
വിവിധ ജില്ലകളിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അതാത് കലക്ടർമാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സർക്കാർ ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ പ്രാർത്ഥനകൾ, രാഷ്ട്രീയ-സാമൂഹ്യ പരിപാടികൾ എന്നിവയിൽ 20 പേർ മാത്രമേ പങ്കെടുക്കാവൂ.

തിരുവനന്തപുരത്ത് കണ്ടെയിൻമെൻറ് സോണിലും പുറത്തും വ്യത്യസ്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കണ്ടെയിൻമെൻ്റ് സോണിലെ വിവാഹം-മരണം എന്നീ ചടങ്ങുകളിൽ 20 പേർക്ക് മാത്രമാണ് അനുമതി. കണ്ടെയിൻമെൻ്റ് സോണിന് പുറത്ത് വിവാഹ ചടങ്ങിൽ 50 പേർവരെയാകാം. മറ്റ് ജില്ലകളിൽ വിവാഹചടങ്ങുകളിൽ 50 പേരും മരണാനന്തരചടങ്ങിൽ 20 പേരും എന്നതാണ് നിർദ്ദേശം. പി.എസ്. സി അടക്കമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.

പൊതുഗതാഗതത്തിന് തടസ്സമില്ല. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ബാങ്കുകൾ ഹോട്ടലുകൾ എന്നിവയെല്ലാം കൊവിഡ് പ്രോട്ടോക്കാൾ അനുസരിച്ച് പ്രവർത്തിക്കും. നിരോധനാജ്ഞ അല്ലാതെ സമ്പൂർണ്ണ അടച്ചിടൽ എവിടെയും ഇല്ല. ഈ മാസം15 മുതൽ കേന്ദ്രത്തിൻ്റെ പുതിയ അൺലോക്ക് ഇളവുകൾ നിലവിൽ വരുമെങ്കിലും സ്കൂൾ തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ കേരളം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഈ മാസം 15ന് മുമ്പ് സ്ഥിതിഗതികൾ ഒന്നുകൂടി വിലയിരുത്തി തുടർനടപടികളെടുക്കും.

Back to top button
error: