LIFENEWS

രാഷ്ട്രീയക്കാർക്കും പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും ഹത്രാസിലെ പെൺകുട്ടിയുടെ കുടുംബം അപ്രാപ്യരാവുമ്പോൾ എ ബി പി ന്യൂസിന്റെ പ്രതിമാ മിശ്ര മാതൃക കാട്ടുമ്പോൾ

എ ബി പി ന്യൂസിന്റെ ലേഖിക പ്രതിമാ മിശ്ര രാജ്യത്തിന് ഒരു മാതൃക കാട്ടി തന്നു .ഭയം ഭരിക്കുമ്പോൾ ആത്മധൈര്യമാണ് കൂട്ടാവുക എന്ന് .ഹത്രാസിലെ നിർഭയയുടെ വീട്ടിലേക്ക് രാഷ്ട്രീയക്കാർക്കും പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും പ്രവേശനമില്ല .പോലീസിന്റെ കോട്ട കെട്ടിയാണ് യോഗി ആദിത്യനാഥ് സർക്കാർ ഏവരെയും തടയുന്നത് .ഇവിടെയാണ് ഒരു മാതൃക ഉയർന്നു വന്നിരിക്കുന്നത് .

എ ബി പി ന്യൂസിന്റെ പ്രതിമാ മിശ്ര ഹത്രസിലെ പെൺകുട്ടിയുടെ വീട്ടിലേക്കു പോയത് അവിടെയെത്താമെന്ന പ്രതീക്ഷ വെച്ചുകൊണ്ടായിരിക്കില്ല എന്ന് തീർച്ച .രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും വരെ അറസ്റ്റ് ചെയ്ത പൊലീസാണ് മുന്നിൽ .എന്നാൽ പ്രതിമാ ഒന്ന് മനസിൽ കുറിച്ചിരിക്കാം .ഹത്രാസിനെ വലയം ചെയ്തിരിക്കുന്ന പോലീസ് കോട്ട ജനങ്ങളെ കാണിക്കണം .അതിൽ അവർ നൂറു ശതമാനവും വിജയിച്ചു .ദൃശ്യങ്ങളായി തന്നെ ജനസഹസ്രങ്ങൾ ആ ലൈവ് കണ്ടു .ഇവിടെ പ്രതിമാ ഒരു മാതൃകയാണ് ,രാഷ്ട്രീയക്കാർ അടക്കമുള്ളവർക്ക് .

ബലാത്സംഗം നടന്നിട്ടില്ല ,പെൺകുട്ടിയുടെ വീട്ടുകാർക്ക് നുണ പരിശോധന തുടങ്ങിയവ ഒക്കെയാണ് ഇപ്പോൾ യു പിയിൽ നിന്ന് വരുന്ന സർക്കാർ നിർമ്മിത വാർത്തകൾ .അത് അങ്ങിനെ ആയില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ .

രാജ്യമാകെ സംഘപരിവാർ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു .നിങ്ങൾക്ക് സത്യമറിയേണ്ടേ എന്നാണ് അവരുടെ ആപ്തവാക്യം .എന്താണ് ആ സത്യം ?യോഗി ആദിത്യനാഥിന്റെ സത്യമാണ് ആ സത്യം .ആ സത്യവും യഥാർത്ഥ സത്യവും തമ്മിലുള്ള അന്തരം അളക്കാൻ ആവാത്തിടത്തോളം വലുതാണ് .

കത്വ സംഭവത്തിലും ഈ പാറ്റേൺ കാണാം .ഒരു കുരുന്നു ജീവനെ ഇല്ലാതാക്കിയതിനു എന്തൊക്കെ ന്യായം .കത്വ പെൺകുട്ടിയ്ക്ക് നിയമത്തിന്റെ നീതി കിട്ടാൻ കാരണം അവിടുത്തെ ചില നല്ലവരായ പോലീസുമാരും പ്രതിബദ്ധതയുള്ള പ്രോസിക്യൂഷനും എന്തിനു രാഷ്ട്രീയക്കാരും സുപ്രീം കോടതിയുമാണ് .

എന്നാൽ യോഗിയുടെ ഉത്തർ പ്രദേശിൽ അത് പ്രതീക്ഷിക്കേണ്ട .ഹിന്ദുത്വ പരീക്ഷണ ശാല എന്ന് വിളിക്കേണ്ടി വരുന്ന ഉത്തർ പ്രദേശ് മാതൃകയിൽ ഇതെല്ലാം ആഡംബരം മാത്രം .ആ പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങുന്നത് പോലീസ് ,സംസ്കാരം നടത്തുന്നത് പോലീസ് ,എന്തിനു ഫോറൻസിക് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളിൽ ബലാത്സംഗത്തിന് തെളിവില്ല എന്ന് പറയുന്നതും പോലീസ് .

അലഹബാദ് ഹൈക്കോടതിയിൽ നിന്ന് നീതി ലഭിക്കുമോ എന്നാണ് ഇനി നോക്കേണ്ടത് .ലക്‌നൗ ബെഞ്ച് പൊലീസുകാരെ വിളിപ്പിച്ചിട്ടുണ്ട് .അലഹബാദ് ഹൈക്കോടതിയെ ആണ് ഇപ്പോൾ ജനാധിപത്യ പ്രേമികൾ പ്രതീക്ഷയോടെ കാണുന്നത് ,സമീപ കാല വിധികൾ അങ്ങിനെയല്ല പറയുന്നതെങ്കിലും .

രണ്ടാമത്തേത് തീർച്ചയായും പ്രതിമാ മിശ്രയെ പോലുള്ള മാധ്യമപ്രവർത്തകർ ആണ് .ഏത് ഇരുമ്പു കോട്ടയും മറയും അവർ പൊളിച്ചെറിഞ്ഞേക്കാം .വില കൊടുത്ത് വാങ്ങുന്ന മാധ്യമ ധർമ്മങ്ങൾ ഉള്ളപ്പോഴും പ്രതിമാ മിശ്രയെ പോലുള്ളവർ പ്രതീക്ഷയാണ് .

അധികാരത്തിന്റെ ഉരുക്കുമറകൾ ഇപ്പോഴും ഭേദിക്കപ്പെട്ടിട്ടുണ്ട് .തകർത്തെറിയാൻ ഉള്ളതാണ് ആ മറകൾ .ഇല്ലെങ്കിൽ ജനാധിപത്യം നീണാൾ വാഴില്ല .

Back to top button
error: