NEWS

ഹത്രാസ് പീഡനം; പ്രധാനമന്ത്രി മൗനം വെടിയണം: ചന്ദ്രശേഖര്‍ ആസാദ്, ഇന്ത്യ ഗേറ്റില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സംഭവത്തില്‍ ഇപ്പോഴും പ്രതിഷേധം ആളിക്കത്തുകയാണ്. സംഭവത്തില്‍ പ്രതികരിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിക്കാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഇന്ന് ഇന്ത്യാ ഗേറ്റിലെത്തും . പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നാണ് ആവശ്യം.

സംഭവത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും അദ്ദേഹത്തിന്റെ ഈ മാനം പെണ്‍മക്കളെ സംബന്ധിച്ച് അപകടകരമാണെന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പീഡനത്തിനിരയായ ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചത്. തുടര്‍ന്ന് ബന്ധുക്കളുടെ എതിര്‍പ്പ് വകവെയ്ക്കാതെ പുലര്‍ച്ചെ 2.45 ഓടെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

മൃതദേഹം എത്രയും വേഗം സംസ്‌കരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മൃതദേഹം ധൃതിയില്‍ സംസ്‌കരിക്കില്ലെന്നും നീതി കിട്ടും വരെ കാത്തിരിക്കുമെന്നും കുടുംബാംഗങ്ങള്‍ നിലപാടെടുത്തതോടെയാണ് മൃതദേഹം പോലീസ് തന്നെ സംസ്‌കരിച്ചത്. ഹിന്ദുമത ആചാരക്രമം പാലിക്കുമെന്നും മൃതദേഹം രാത്രിയില്‍ സംസ്‌കരിക്കില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും യു.പി. പോലീസ് അത് അനുവദിച്ചില്ല. മാധ്യമപ്രവര്‍ത്തകരെയും പ്രതിഷേധക്കാരെയും മനുഷ്യമതില്‍ തീര്‍ത്ത് പോലീസ് മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്തുനിന്ന് അകറ്റി നിര്‍ത്തി മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.

ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇന്നലെ പെണ്ഡകുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ വന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും വഴിയില്‍ യുപി പോലീസ് തടയുകയും, പിന്നീട് കാല്‍നടയായി നടന്നവര്‍ക്ക് നേരെ ലാത്തി ചാര്‍ജ് പ്രയോഗിച്ച് മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഈമാസം 14നായിരുന്നു ദാരുണമായ സംഭവം. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പത്തൊന്‍പതുകാരിയെ നാലു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച ശേഷം നാക്ക് മുറിച്ചെടുക്കുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകള്‍ ഉണ്ടെന്നും പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലാണെന്നും ഡോക്ടര്‍ സ്ഥിരീകരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ ആദ്യം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ കേസില്‍ പൊലീസിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. വിവരം അറിയിച്ചിട്ടും ഇടപെടാന്‍ വൈകിയെന്നായിരുന്നു കുടുംബത്തിന്റെ പരാതി. എന്നാല്‍ ആരോപണം പൊലീസ് നിഷേധിച്ചിരുന്നു.

കൃഷിയിടത്തില്‍ പുല്ലുപറിക്കാന്‍ അമ്മയ്ക്കും സഹോദരനും ഒപ്പം പോയ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. വീട്ടുകാര്‍ ചുറ്റുമില്ലാതിരുന്ന സമയത്ത് ധരിച്ചിരുന്ന ചുരിദാറിന്റെ ഷോള്‍ കുരുക്കി വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് അമ്മ ബോധരഹിതയായ രീതിയില്‍ മകളെ കണ്ടെത്തുകയായിരുന്നു.

Back to top button
error: